തിരുവനന്തപുരം : ഇടതുമുന്നണി എം എൽ എ പി.വി. അൻവർ, എഡിജിപി: എം ആര്‍ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പി ശശിക്കെതിരേയും ഉന്നയിച്ച ആരോപണങ്ങൾ മുന്നണിയെ പൊട്ടിത്തെറിയിലേക്ക് തള്ളിവിടുന്നു.
അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് അൻവർ വിമർശിക്കുന്നു. ഭരണകക്ഷി എം എൽ എ മാരായ കെ ടി ജലീലും യു. പ്രതിഭ യും അദ്ദേഹത്തിൻ്റെ പിന്തുണയ്ക്കായി എത്തുമ്പോൾ സർക്കാരിലും പാർട്ടിയിലും എന്തോ ചീഞ്ഞുനാറുന്നു എന്ന ധാരണ വ്യാപകമാവുന്നു.ഇത് സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് സിപിഎമ്മിനെ തള്ളിവിടുന്നത്.
സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐയും അവരുടെ യുവജന പ്രസ്ഥാനമായ എഐവൈഎഫും രംഗത്തുവന്നതോടെ മുന്നണിയിലെ ഭിന്നസ്വരം പരസ്യവിഴുപ്പലക്കലുകള്‍ക്ക് കാരണമാകുകയാണ്.
ഇതിനിടെ, നാളെ ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയററ്, ആരോപണങ്ങൾ ചർച്ചചെയ്യും എന്നാണ് സൂചന.വിഷയ ഗൗരവമുള്ളതാണെന്ന് സ് പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഇടതുമുന്നണി കൺവീനർ ടി. പി. രാമകൃഷ്ണനും വ്യക്തമാക്കിയത് ഈ പശ്ചാത്തലത്തിൽ കാണണം.
എം വി. ഗോവിന്ദനെ കണ്ട് അൻവർ രേഖാമൂലം പരാതി നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ തൻ്റെ അതൃപ്തി മറച്ചുവെച്ചില്ല. ‘പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയോടും പാര്‍ട്ടി സെക്രട്ടറിയോടും പറഞ്ഞു. പാര്‍ട്ടിക്കു രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. എഡിജിപിയെ മാറ്റണമോയെന്ന് ഇനി പാര്‍ട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കട്ടെ. അന്തസുള്ള ഒരു പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ് നമുക്കുള്ളത്. ഉചിതമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നടപടി ക്രമങ്ങള്‍ പാലിച്ച് തീരുമാനം വരുമെന്ന് പ്രതീക്ഷിക്കുന്നു.- അന്‍വര്‍ പറഞ്ഞു.
താൻ കീഴടങ്ങിയിട്ടില്ല, ദൈവത്തിനും പാർട്ടിക്കും മാത്രമേ കീഴടങ്ങൂ. ഈ ലോകത്തിലെ ജനം മുഴുവൻ ഒരുമിച്ച് നിന്നിട്ട് തന്നെ കീഴടക്കാൻ കഴിയുമെന്ന് വിചാരിക്കേണ്ട എന്നാണ് നിലമ്പൂർ എം എൽ എ യുടെ മുന്നറിയിപ്പ്. താൻ മുന്നോട്ടു പോവുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസ് എന്തുകൊണ്ട് തൃശൂര്‍ പൂരം കലക്കുന്നു. മുഖ്യമന്ത്രി തിരുത്തിയതിനു പിന്നാലെ തന്നെ എന്തുകൊണ്ട് അതിനു വിപരീതമായി പ്രവര്‍ത്തിക്കുന്നു. ഈ അന്വേഷണങ്ങളാണ് എന്നെ ഇവിടെ എത്തിച്ചത്.ഞാന്‍ തുടങ്ങിയിട്ടേയുള്ളൂ. നടപടികള്‍ ഉണ്ടാകട്ടെയെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
പോലീസിലെ ക്രിമിനലുകള്‍ക്കെതിരേ തെളിവുകളുടെ സൂചനാ തെളിവുകളാണ് താന്‍ നല്‍കിയത്. അത് അന്വേഷിച്ച് കണ്ടുപിടിക്കേണ്ടത് മുഖ്യമന്ത്രി നിയോഗിച്ച അന്വേഷണ സംഘമാണ്. കേരളാ പോലീസ് രാജ്യത്തെ തന്നെ ഒന്നാം നമ്ബര്‍ പോലീസാണെന്നും അതിനാല്‍ അതിലെ പുഴുക്കുത്തുകളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടവരും ഒന്നാംതരമായിരിക്കുമെന്നു പ്രതീക്ഷയുണ്ട്.
അന്വേഷണം എങ്ങനെയാണ് നടക്കുന്നതെന്നു നോക്കട്ടെ. സത്യസന്ധമായ അന്വേഷണമല്ല നടക്കുന്നതെങ്കില്‍ അന്വേഷണ സംഘം പൊതുസമൂഹത്തിനു മുന്നില്‍ ചോദ്യംചെയ്യപ്പെടും. അതിനു മുന്നിലും താന്‍ ഉണ്ടാകും.
അജിത്കുമാറിനും ശശിക്കും എതിരെ ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. ബോംബെ അധോലോകത്തെ കുപ്രസിദ്ധ കള്ളക്കടത്തുകാരന്‍ ദാവൂദ് ഇബ്രാഹിമില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് അജിത് കുമാര്‍ എന്ന് ആരോപണം അദ്ദേഹം ഉന്നയിച്ചിരുന്നു. എഡിജിപിയുടെ ഭാര്യയുടെ ഫോണ്‍കോളുകളുടെ ഒരു വശത്ത് ബോംബെയിലെ കള്ളക്കടത്തുകാരുടെ സാന്നിധ്യമുണ്ടെന്നും കുററപ്പെടുത്തുന്നു.അജിത് കുമാറിനെ നൊട്ടോറിയസ് ക്രിമിനല്‍ എന്നാണ് അൻവർ വിശേഷിപ്പിക്കുന്നത്.
ഇതിനിടെ, ആഭ്യന്തരവകുപ്പിനെതിരായ അൻവറിൻ്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സി പി എം സംസ്ഥാന സമിതി അംഗം പി. ജയരാജൻ ആണെന്ന വാർത്ത പുറത്തുവരുന്നുണ്ട്. കണ്ണൂരില്‍ തന്‍റെ പഴയ എതിരാളിയായ പി.ശശിയെ ലക്ഷ്യം വച്ചാണ് അദ്ദേഹത്തിൻ്റെ നീക്കങ്ങളെത്രെ.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരി സീറ്റില്‍ മത്സരിക്കാൻ കരുനീക്കം നടത്തുന്നതിടെ ആണ് ശശിക്കെതിരെ ഗുരുതര രാഷ്‌ട്രീയ ആരോപണങ്ങള്‍ ഉയരുന്നത്.
മുൻപ് ശശിക്കെതിരെ ഉയർന്ന ലൈംഗികാരോപണത്തിന് പിന്നിലും ജയരാജൻ ആയിരുന്നുവെന്ന് സൂചനകള്‍ പുറത്ത് വന്നിരുന്നു. ജയരാജൻ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായി ശശി അന്ന് തന്നെ പാർട്ടി വേദികളില്‍ പരാതി ഉന്നയിച്ചിരുന്നു. ഇതിന് ശേഷം കുറച്ച്‌കാലം പാർട്ടി വേദികളില്‍ നിന്നും ശശി മാറി നിന്നെങ്കിലും പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയതോടെ വീണ്ടും അതിശക്തനായി. ‘സൂപ്പർ മുഖ്യമന്ത്രി’യായി വിലസുന്നതിനിടെയാണ് മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി കൂടിയായ ശശി വിവാദത്തിലായത്.
ശശിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നിയമനം പുറത്ത് വന്നതിന് പിന്നാലെ നടന്ന സിപിഎം സംസ്ഥാനസമിതില്‍ ജയരാജൻ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ശശിയുടെ നിയമനം കനത്ത തിരിച്ചടിയാകുമെന്ന് ജയരാജൻ അന്ന് തന്നെ മുന്നറിയിപ്പ് നല്‍കുകും ചെയ്തിരുന്നു. ഇതിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള പോര് പരസ്യമായ രഹസ്യമാണ്.
ആരോപണങ്ങളില്‍ തനിക്കൊരു ഭയവുമില്ലെന്നും ഇത് തനിക്ക് പുതിയ കാര്യമല്ലെന്നും പി. ശശി പ്രതികരിക്കുന്നുണ്ട്.’ആളുകള്‍ക്ക് ഇഷ്ടമുള്ളതെന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ട്. അവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. സ്വേച്ഛാധിപത്യ മനോഭാവം എനിക്കില്ല. എനിക്ക് പകയില്ല, പേടിയും തോന്നുന്നില്ല.
ഇത് എനിക്ക് പുതിയ കാര്യമല്ല. 1980ല്‍ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായതുമുതല്‍ ഞാന്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്നിട്ടും ഞാന്‍ ഇത്രയും ദൂരം എത്തിയിരിക്കുന്നു. അത് മതി.’, ശശി പറഞ്ഞു
അജിത് കുമാറിനെതിരെ സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബുവാണ് പരസ്യമായി രംഗത്തെത്തിയത്. വയനാട് ദുരന്തത്തെത്തുടര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തനത്തിനിടെ അജിത്കുമാര്‍ സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിക്കാന്‍ ശ്രമിച്ചുവെന്നാണ് അദ്ദേഹം ആരോപിച്ചത്. സന്നദ്ധസംഘടനകള്‍ ഭക്ഷണം കൊടുക്കരുതെന്നു പറഞ്ഞ് അനാവശ്യ വിവാദം ഉണ്ടാക്കിയത് അജിത് കുമാറിന്റെ ഗൂഢതന്ത്രമാണെന്നും സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിക്കുകയായിരുന്നു ഉദ്ദേശ്യമെന്നും ബാബു പറയുന്നു.
ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി പരാമര്‍ശിച്ച ‘പോലീസിലെ പുഴുക്കുത്തുകളെ’ ഊന്നി സിപിഐ യുവജന സംഘടനയായ എഐവൈഎഫും രംഗത്തുവന്നത്. പോലീസിലെ ക്രിമിനലുകളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നാണ് എഐവൈഎഫിന്റെ ആവശ്യം.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്നു താന്‍ വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ജലീല്‍ നയം വ്യക്തമാക്കിയത്. ”ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരും. സിപിഎം നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി പോര്‍ട്ടല്‍ തുടങ്ങും.
അന്‍വര്‍ പറഞ്ഞത് സത്യസന്ധമായ കാര്യമാണെന്നും അത് ഒരിക്കലും ആഭ്യന്തരവകുപ്പിനെതിരല്ലെന്നുമാണ് യു. പ്രതിഭ പ്രതികരിച്ചത്. ”ഐപിഎസ് രംഗത്തുള്ള ഒരുദ്യോഗസ്ഥന്റെ തെറ്റായ പ്രവണതയെക്കുറിച്ചാണ് അന്‍വര്‍ പറഞ്ഞത്. എന്റെ അഭിപ്രായവും അതാണ്. ഏത് മേഖലയിലായാലും തെറ്റായ പ്രവണതയുള്ള ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തണം. അന്‍വറിന്റെ പ്രതികരണം ഒരു സിസ്റ്റത്തിലെ പുഴുക്കുത്തുകള്‍ക്കെതിരായ പ്രതികരണമാണ്. അത് നമുക്ക് നേരിട്ടൊരു ദുരനുഭവമുണ്ടാകുമ്ബോള്‍ മാത്രമല്ല പ്രതികരിക്കേണ്ടത്. തെറ്റ് ചെയ്തത് വിളിച്ചു പറയാന്‍ അന്‍വര്‍ കാണിച്ച ധൈര്യത്തിന് ഞാന്‍ പിന്തുണ പ്രഖ്യാപിക്കുന്നു. – അവർ പറഞ്ഞു.