ന്യൂഡൽഹി: നിർമിതബുദ്ധി ഉപയോഗിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ നടത്തിയ രഹസ്യ പ്രവർത്തനങ്ങൾ തങ്ങൾ തടസ്സപ്പെടുത്തിയതായി അവകാശപ്പെട്ട് ഓപ്പൺഎഐ. 2015 ഡിസംബറിൽ സ്ഥാപിതമായ ഒരു നിർമിതബുദ്ധി ഗവേഷണ സ്ഥാപനമാണ് ഓപ്പൺഎഐ.
തെരഞ്ഞെടുപ്പിൻ്റെ ഫലം പ്രഖ്യാപിക്കുന്നതിന് നാല് ദിവസം മുമ്പായിട്ടാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ. ഭരണകക്ഷിയായ ബിജെപിയെ വിമർശിക്കുകയും കോൺഗ്രസിനെ പ്രശംസിക്കുകയും ചെയ്യുന്ന ഉള്ളടക്കങ്ങൾ ഇസ്രായേൽ ആസ്ഥാനമായുള്ള സ്റ്റോയിക് നെറ്റ്‌വർക്ക് സൃഷ്ടിച്ചുവെന്ന് ഓപ്പൺഎഐ പറയുന്നു. ഇസ്രായേലിലെ രാഷ്ട്രീയ പ്രചാരണ മാനേജ്മെൻ്റ് സ്ഥാപനമാണ് സ്റ്റോയിക്.
പൊതുജനാഭിപ്രായം കൈകാര്യം ചെയ്യുന്നതിനോ രാഷ്ട്രീയ ഫലങ്ങളെ സ്വാധീനിക്കുന്നതിനോ ഉപയോഗിക്കുന്ന രഹസ്യ പ്രവർത്തനങ്ങൾക്ക് നിർമ്മിതബുദ്ധി ഉപയോഗിക്കുകയാണ് ഈ സ്ഥാപനം ചെയ്തത്. ഇസ്രായേലിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു കൂട്ടം സൈബർ അക്കൗണ്ടുകൾ ഇതിനായി പ്രയോജനപ്പെടുത്തി എന്നാണ് പറയുന്നത്. ഫേസ് ബുക്ക്, എക്സ്,ഇൻസ്റ്റഗ്രാം, യുട്യൂബ് എന്നിവ ഇതിനായി ഉപയോഗിച്ചുവെത്രെ.
നിർമിതബുദ്ധി ഉപയോഗിച്ച് ഓൺലൈൻ ലേഖനങ്ങൾ, സാമൂഹ്യമാധ്യമങ്ങളിലെ കമന്റുകൾ എന്നിവ തയ്യാറാക്കി വിവിധ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിച്ചുവെന്നാണ് കണ്ടെത്തൽ. അമേരിക്ക, കാനഡ, ഇസ്രയേൽ, ഘാന തുടങ്ങി വിവിധ ലോകരാജ്യങ്ങളിലെ പൊതുഅഭിപ്രായ രൂപീകരണത്തിൽ ഇടപെടുന്നതിന് ‘സിറോ സെനോ’ എന്ന പ്രോജക്ട് ഇസ്രയേലി കമ്പനി നടത്തിയിരുന്നു.
സിറോ സെനോയുടെ ഭാഗമായാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പിലും ഇസ്രയേലി കമ്പനി ഇടപെട്ടതെന്നാണ് ഓപ്പൺ എ.ഐ. വ്യക്തമാക്കുന്നത്. ഇടപെടൽ ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ ഇക്കാര്യം കണ്ടെത്തി തടസ്സപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
അതേസമയം,പ്രചാരണം വലിയ സ്വാധീനം ചെലുത്തിയിട്ടില്ലെന്നാണ് ഓപ്പൺ എ.ഐ.യുടെ കണ്ടെത്തൽ. യഥാർഥ അക്കൗണ്ടുകളിലേക്കെത്താൻ ഇസ്രയേലി കമ്പനിക്ക് ആയിട്ടില്ല.സിറോ സെനോയുടെ ഭാഗമായി സൃഷ്ടിച്ച പല അകൗണ്ടുകളും മെറ്റാ, എക്സ് പ്ലാറ്റുഫോമുകൾ നീക്കം ചെയ്തിട്ടുണ്ട്.
രാജ്യത്തെ ജനാധിപത്യത്തിന് അപകടകരമായ ഭീഷണിയാണിതെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്- ടെക്‌നോളജി മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു