ഓണ്‍ലൈന്‍ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ പുതിയ നിയമം വരുന്നു

ന്യൂഡല്‍ഹി: മാധ്യമ രംഗത്തെ പുതുതരംഗമായി മാറിയ ഓണ്‍ലൈന്‍ മാധ്യമങ്ങളെ വരുതിയിൽ കൊണ്ടുവരാൻ കേന്ദ്ര സര്‍ക്കാര്‍ താമസിയാതെ നിയമം കൊണ്ടുവരും.

ഇതിനായി കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ കരട് ബില്ലിലെ വ്യവസ്ഥകള്‍ കൂടുതൽ കർശനമാക്കുകയാണ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

യൂട്യൂബ്, ഫേസ്ബുക്ക്, എക്സ്, ഇന്‍സ്റ്റഗ്രാം തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളിലും വാര്‍ത്ത, സമകാലിക സംഭവങ്ങള്‍ തുടങ്ങിയവ അവതരിപ്പിക്കുന്നവര്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, വൈബ്സൈറ്റുകള്‍ എന്നിവയെല്ലാം നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. കണ്ടന്റ് നിര്‍മാതാക്കളെ ‘ഡിജിറ്റല്‍ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ‘ എന്നാണ് കരട് ബില്ലില്‍ നിര്‍വചിക്കുന്നത്.

ഓണ്‍ലൈന്‍ മാധ്യമങ്ങളെയെല്ലാം സെന്‍സര്‍ ചെയ്യുന്ന രീതിയിലേക്ക് കൊണ്ടുവരാണ് നീക്കം. ഇതോടെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെയെല്ലാം വിലക്കാന്‍ ആണ് നിയമമെന്ന ആരോപണം പ്രതിപക്ഷത്തു നിന്നും മാധ്യമ മേഖലയിൽ നിന്നും ഉയർന്നു കഴിഞ്ഞു.

പുതിയ നിയമപ്രകാരം യുട്യൂബിലും സോഷ്യല്‍ മീഡിയകളിലുമെല്ലാം കണ്ടന്റ് പുറത്തിറക്കുന്ന മാധ്യമങ്ങള്‍ക്ക് വിലക്കുവന്നേക്കും. 1995-ലെ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് നിയമത്തിന് പകരം കൊണ്ടുവരുന്ന ബ്രോഡ്കാസ്റ്റിങ് സര്‍വീസസ് (റെഗുലേഷന്‍) ബില്ലിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും സര്‍ക്കാരിനെതിരായ വിമര്‍ശങ്ങളെയും തടയാനാണ് ശ്രമം എന്നാണ് ആരോപണം.

വീഡിയോകളും വാര്‍ത്തകളും കേന്ദ്രം നിയമിക്കുന്ന സമിതിയുടെ അനുമതിയില്ലാതെ പ്രക്ഷേപണം ചെയ്യാനാകില്ല. ഇതിനായി ത്രിതല സംവിധാനം രൂപീകരിക്കും.

പിന്തുടരുന്നവരുടെ എണ്ണം നിശ്ചിത പരിധിയില്‍ കവിഞ്ഞാല്‍ കണ്ടന്റ് നിര്‍മാതാക്കള്‍ ഒരു മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രോഗ്രാം കോഡും പരസ്യ കോഡും പാലിക്കണം.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിടിച്ചുകെട്ടുന്നതില്‍ പ്രധാന പങ്കുവഹിച്ച ഓണ്‍ലൈന്‍ വാര്‍ത്താ ചാനലുകളെയും വീഡിയോ നിര്‍മാതാക്കളെയും ലക്ഷ്യമിട്ടാണ് നിയമനിര്‍മാണം എന്നാണ് വിമർശനം.

ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ധ്രുവ് റാഠി, രവീഷ് കുമാര്‍ തുടങ്ങിയ സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ ബിജെപി നയങ്ങളെ വിമർശിച്ചത്
തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു എന്ന് രാഷ്ടീയ നിരീക്ഷകർ കരുതുന്നുണ്ട്.