വാഷിംഗ്‌ടൺ: റഷ്യയും യുക്രൈയിനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് സമ്മർദ്ദം ചെലുത്താൻ സൗദി അറേബ്യയോടും മറ്റ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളോടും എത്രയും പെട്ടെന്ന് എണ്ണ വില കുറയ്ക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു.
ലോകത്തെ പ്രധാന എണ്ണ ഉൽപ്പാദകരാണ് റഷ്യ.അവരുടെ പ്രധാന വരുമാനവും എണ്ണയിൽ നിന്ന് തന്നെ.വരുമാനം കുറഞ്ഞാൽ റഷ്യ യുദ്ധം നിർത്തും എന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ.
യുദ്ധത്തെത്തുടർന്ന് റഷ്യയ്ക്കുമേൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തിയതോടെ റഷ്യ വില കുറച്ച് ഇന്ത്യയുൾപ്പെടെയുളള രാജ്യങ്ങൾക്ക് എണ്ണ വിൽക്കുന്നുണ്ട്. ഒപെക് രാജ്യങ്ങൾ എണ്ണ വില കുറച്ചാൽ ഇപ്പോൾ റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്ന രാജ്യങ്ങൾ ഒപെക്കിൽ നിന്ന് എണ്ണ വാങ്ങുകയും അതോടെ വരുമാനം കുറയുന്ന റഷ്യ യുദ്ധത്തിൽ നിന്ന് പിന്മാറാൻ എത്രയും പെട്ടെന്ന് നിർബന്ധിതരാവും എന്നാണ് ട്രംപ് കരുതുന്നു.
റഷ്യയും യുക്രൈയിനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇത് അത്യന്താപേക്ഷിതമാണെന്നാണ് ട്രംപ് പറയുന്നത്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തെ വെർച്വലായി അഭിസംബോധന ചെയ്യവെയാണ് എണ്ണവില കുറയ്ക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടത്.
എണ്ണവില എത്രയും പെട്ടെന്ന് കുറയ്ക്കാൻ ഞാൻ സൗദി അറേബ്യയോടും മറ്റ് ഒപെക്ക് രാജ്യങ്ങളോടും ആവശ്യപ്പെടുകയാണ്. നിങ്ങൾ അത് ചെയ്യണം. സത്യം പറഞ്ഞാൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുമുമ്പുതന്നെ വില കുറയ്ക്കാതിരുന്നത് എന്നെ അത്ഭുതപ്പെടുത്തുകയാണ്. എണ്ണ വില കുറഞ്ഞാൽ റഷ്യ യുക്രൈയിൻ യുദ്ധം ഉടൻ അവസാനിക്കും.
ഇപ്പോൾ യുക്രൈയിനിൽ സംഭവിക്കുന്ന കാര്യങ്ങൾക്ക് ഒപെക് രാജ്യങ്ങൾ ഒരു പരിധിവരെ ഉത്തരവാദികളാണ്. ദശലക്ഷക്കണക്കിന് ജീവനുകളാണ് അവിടെ നഷ്ടമായിക്കൊണ്ടിരിക്കുന്നത്. എണ്ണവില കുറയുന്നതിനൊപ്പം ലോകമെമ്പാടും പലിശ നിരക്കും കുറയണം’- ട്രംപ് ആവശ്യപ്പെട്ടു.
യുദ്ധത്തെത്തുടർന്ന് നികുതികൾ. താരിഫുകൾ, ഉപരോധം എന്നിവയിലൂടെ റഷ്യയ്ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നു സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രസംഗത്തിനിടെ ട്രംപ് ഓർമ്മിപ്പിച്ചു.
മുൻ സോവിയറ്റ് റിപ്പബ്ളിക്കായ യുക്രൈയിൻ യൂറോപ്യൻ യൂണിയനിൽ ചേരാൻ തീരുമാനിച്ചതോടെയാണ് റഷ്യ ഏകപക്ഷീയമായി യുദ്ധം തുടങ്ങിയത്.