ഡല്‍ഹി: രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച ഭാരതീയ ന്യായ സംഹിത രണ്ടിലെ വകുപ്പ് 226 നിരാഹാര സത്യാഗ്രഹ സമരത്തെ ക്രിമിനല്‍ കുറ്റമാക്കി മാറ്റും.
ഇതു പ്രകാരം മരണംവരെ നിരാഹാര സമരം നടത്തുന്നവര്‍ക്കെതിരേ കേസെടുക്കാനാകുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പൊതുസേവകനെ കൃത്യനിര്‍വഹണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനോ, എന്തെങ്കിലും ചെയ്യുന്നതിന് നിര്‍ബന്ധിക്കുന്നതിനായോ ആരെങ്കിലും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നാണ് ഈ വകുപ്പ് പറയുന്നത്. ഒരു വര്‍ഷം വരെ സാധാരണ തടവോ അതല്ലെങ്കില്‍ പിഴയോ രണ്ടും കൂടിയോ അതല്ലെങ്കില്‍ സാമൂഹിക സേവനത്തിനോ ശിക്ഷിക്കാവുന്ന വകുപ്പാണിത്.
ബ്രട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായി രാഷ്ട്രപിതാവ് മഹാത്മാഗാന്ധി വിഭാവനം ചെയ്തതാണ് നിരാഹാര സത്യാഗ്രഹസമരം. ലോകം അംഗീകരിച്ച ഈ സമരമാര്‍ഗത്തെയാണ് ഭാരതീയമെന്ന് അവകാശപ്പെടുന്ന പുതിയ നിയമം കുറ്റകരമായി മാറ്റുന്നത്.
നിരാഹാര സമരം നടത്തുന്നവരുടെ പേരില്‍ ആത്മഹത്യാ ശ്രമത്തിനെതിരായ ഐ.പി.സി.യിലെ വകുപ്പ് 309 പ്രകാരം മുമ്പ് കേസെടുത്തിരുന്നു. എന്നാല്‍, ഇത്തരത്തില്‍ കേസെടുക്കാനാകില്ലെന്ന് രാമമൂര്‍ത്തി കേസില്‍ 1992 -ല്‍ തമിഴ്‌നാട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഈ വകുപ്പ് തന്നെ ഒഴിവാക്കണമെന്ന് സുപ്രീംകോടതിയും രണ്ട് തവണ ലോ കമ്മിഷനും നിര്‍ദേശിച്ചതുമാണ്. ലോ കമ്മിഷന്റെ 42-ാം റിപ്പോര്‍ട്ടിലും 210-ാം റിപ്പോര്‍ട്ടിലുമാണ് ഐ.പി.സി.യിലെ 309 -ാം വകുപ്പ് റദ്ദ് ചെയ്യണമെന്ന് ശുപാര്‍ശ ഉണ്ടായിരുന്നത്.
1978 -ല്‍ മൊറാജി ദേശായി സര്‍ക്കാര്‍ ഇതിനായി ബില്ലും കൊണ്ടുവന്നു. എന്നാല്‍, അത് ലോക്സഭ പാസാക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പറത്തായി.