മുംബൈ: ശബ്ദമലിനീകരണ മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിക്കുന്ന ഉച്ചഭാഷിണികൾക്ക് എതിരെ നടപടിയെടുക്കാന്‍ മഹാരാഷ്ട്ര സർക്കാരിനോട് ബോംബെ ഹൈക്കോടതി നിർദേശിച്ചു.
ഉച്ചഭാഷിണികളുടെ ഉപയോഗം ഒരു മതത്തിന്റെയും ആചാരത്തിന്റെ ഭാഗമല്ല.ശബ്ദം ഒരു പ്രധാന ആരോഗ്യ അപകടമാണെന്നും ഉച്ചഭാഷിണികൾ ഉപയോഗിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടാല്‍ ആര്‍ക്കും അവരുടെ അവകാശങ്ങള്‍ ഒരു തരത്തിലും ബാധിക്കപ്പെടുമെന്ന് പറയാന്‍ കഴിയില്ലെന്നും ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, എസ് സി ചന്ദക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
ഓട്ടോ-ഡെസിബല്‍ പരിധികളുള്ള കാലിബ്രേറ്റഡ് സൗണ്ട് സിസ്റ്റങ്ങള്‍ ഉള്‍പ്പെടെ ശബ്ദ നിലവാരം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സ്വീകരിക്കാന്‍ മതസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു.
കുര്‍ളയിലെ സബര്‍ബന്‍ പ്രദേശങ്ങളിലെ രണ്ട് ഹൗസിംഗ് അസോസിയേഷനുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി പ്രസ്താവിച്ചത്. ജാഗോ നെഹ്റു നഗര്‍ റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍, ശിവശ്രുഷ്ടി കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റീസ് അസോസിയേഷന്‍ ലിമിറ്റഡ് എന്നിവയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
വാങ്കുവിളി ഉള്‍പ്പെടെ മതപരമായ ആവശ്യങ്ങള്‍ക്കായി ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് സമാധാനം തകര്‍ക്കുന്നുവെന്നും 2000-ലെ ശബ്ദമലിനീകരണ (റെഗുലേഷന്‍ ആന്റ് കണ്‍ട്രോള്‍) നിയമങ്ങളുടെയും 1986-ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിന്റെയും കീഴിലുള്ള വ്യവസ്ഥകളുടെയും ലംഘനമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
മുംബൈ കോസ്മോപൊളിറ്റന്‍ നഗരമാണെന്നും നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട വ്യക്തികളുണ്ടെന്നും ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.
പൊതുതാത്പര്യം മുന്‍നിര്‍ത്തി അത്തരം അനുമതികള്‍ നല്‍കരുത്. അനുമതികള്‍ നിഷേധിക്കുന്നതിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 അല്ലെങ്കില്‍ 25 പ്രകാരമുള്ള അവകാശങ്ങള്‍ ഒരിക്കലും ലംഘിക്കപ്പെടുന്നില്ല. ഉച്ചഭാഷിണികളുടെ ഉപയോഗം ഒരു മതത്തിന്റെയും അനിവാര്യ ഭാഗമല്ല- ഹൈക്കോടതി പറഞ്ഞു.
നിയമ വ്യവസ്ഥകള്‍ നിര്‍ദ്ദേശിക്കുന്നതുപോലെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ച് നിയമം നടപ്പിലാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെയും മറ്റ് അധികാരികളുടെയും ‘കര്‍ത്തവ്യം’ ആണെന്ന് കോടതി ഓർമ്മിപ്പിച്ചു .
ശബ്ദമലിനീകരണ നിയമങ്ങള്‍ ലംഘിക്കുന്ന പരാതികളില്‍ പൊലീസ് നടപടിയെടുക്കണമെന്ന് കോടതി പറഞ്ഞു. പരാതിക്കാരെ ലക്ഷ്യമിടുകയോ ശത്രുത പുലര്‍ത്തുകയോ ചെയ്യുന്നത് ഒഴിവാക്കാന്‍ പരാതിക്കാരെ കുറിച്ച് വ്യക്തമാക്കേണ്ടതില്ല.
മതം പരിഗണിക്കാതെ, നടപടിയെടുക്കാൻ ബന്ധപ്പെട്ട എല്ലാവരോടും നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു.മതപരമായ സ്ഥലങ്ങളിലെ ഉച്ചഭാഷിണികള്‍ക്കെതിരെ എന്തെങ്കിലും പരാതി ലഭിച്ചാല്‍ ഉടനടി നടപടിയെടുക്കാന്‍ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് മുംബൈ പൊലീസ് കമ്മീഷണറോട് കോടതി ആവശ്യപ്പെട്ടു.
അസഹനീയവും ശല്യവുമാകുന്നതുവരെ പൊതുവെ ആളുകള്‍ പരാതിപ്പെടാറില്ലെന്ന വസ്തുത ജുഡീഷ്യല്‍ ശ്രദ്ധയില്‍പ്പെടുത്തുന്നുവെന്നും ബെഞ്ച് പറഞ്ഞു.
പരിസര ശബ്ദത്തിന്റെ അളവ് പകല്‍ സമയത്ത് 55 ഡെസിബെല്ലിലും രാത്രിയില്‍ 45 ഡെസിബെല്ലിലും കൂടാന്‍ പാടില്ല എന്ന് അധികാരികളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് എല്ലാ സ്രോതസ്സുകളില്‍ നിന്നുമുള്ള ശബ്ദം ഈ പരിധികള്‍ പാലിക്കണമെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.
ശബ്ദമലിനീകരണ നിയമങ്ങളിലെ വ്യവസ്ഥകള്‍ ആവര്‍ത്തിച്ച് ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് നല്‍കിയിട്ടുള്ള അനുമതികള്‍ പൊലീസിന് പിന്‍വലിക്കാമെന്നും കോടതി പറഞ്ഞു.