ന്യൂഡൽഹി : ഇന്ത്യ മുന്നണി പ്രതിസന്ധിയിലേക്ക്. ബംഗാളിലെ തൃണമൂൽ കോൺഗ്രസ്സും പഞ്ചാബിലെ ആം ആദ്മി പാർട്ടിയും കോൺഗ്രസുമായി സഹകരിക്കില്ലെന്ന് വ്യക്തമായി സൂചന നൽകുന്നു.
ഇരു പാര്‍ട്ടികളും പ്രതിപക്ഷത്തിന്റെ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഖ്യാപനത്തിന്റെ അമ്പരപ്പ് മാറും മുമ്പേയാണ് എ എ പി നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ടിഎംസി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് രാവിലെയാണ് മമത പ്രഖ്യാപിച്ചത്.
പഞ്ചാബില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ സഖ്യമുണ്ടാകില്ലെന്ന് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് മാന്‍ പറഞ്ഞു. സംസ്ഥാനത്തെ 13 ലോക്സഭാ സീറ്റുകളിലും പാര്‍ട്ടി വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
നേരത്തെ മമത ബാനര്‍ജിയുടെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മമതയില്ലാതെ ഒരു പ്രതിപക്ഷ സഖ്യം സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിനെ (ടിഎംസി) ഇന്ത്യ മുന്നണിയുടെ ‘ശക്തമായ സ്തംഭം’ എന്നും പാര്‍ട്ടി വിശേഷിപ്പിച്ചു.
ബംഗാളില്‍ ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളുടെ സംഘം ഒരു സഖ്യം പോലെ പോരാടുമെന്നും ഭാവിയില്‍ ടിഎംസിയുമായി സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ ഫലം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
‘ബിജെപിയെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ബിജെപിയെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ എന്തും ചെയ്യുമെന്നും മമത ബാനര്‍ജി പറഞ്ഞിട്ടുണ്ട്. മമത ജിയും തൃണമൂല്‍ കോണ്‍ഗ്രസ്സും ഇന്ത്യ മുന്നണിയുടെ ശക്തമായ സ്തംഭങ്ങളാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.പശ്ചിമ ബംഗാളില്‍ ഒരു സഖ്യം പോലെ പോരാടും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണിയിലെ എല്ലാ പാര്‍ട്ടികളെയും ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് പല തവണ ക്ഷണിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പൂര്‍ണ്ണ പ്രതീക്ഷയുണ്ട്. ചര്‍ച്ചകള്‍ നടന്നുവരികയാണ്. പശ്ചിമ ബംഗാളില്‍ ഇന്ത്യാ മുന്നണി ഒന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിടും,’- ജയറാം രമേശ് പറഞ്ഞു.
ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഇന്ത്യ മുന്നണി ഒരു അവസരവും നഷ്ടപ്പെടുത്തില്ല. നിലവില്‍ അസമിലുള്ള കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്ര ഇതേ ചിന്തയോടെ പശ്ചിമ ബംഗാളില്‍ പ്രവേശിക്കുമെന്നും ജയറാം രമേശ് പറഞ്ഞു.ഇന്ത്യാ സഖ്യത്തിലെ പ്രധാന പാർട്ടിയായ കോൺഗ്രസുമായി നടന്ന സീറ്റ് വിഭജന ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന മമതയുടെ പ്രഖ്യാപനം വന്നത്.
ചർച്ചയിൽ സീറ്റ് വിഭജനം സംബന്ധിച്ച തന്റെ നിർദേശം കോൺഗ്രസ് തള്ളിയതായി മമത പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മമതയും തൃണമൂൽ നേതാക്കളും കോൺഗ്രസ് നേതാക്കളും സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ച നടത്തിയത്. ചർച്ചക്കു പിന്നാലെ ഒറ്റക്കു മത്സരിക്കാൻ തയ്യാറെടുപ്പുകൾ നടത്താൻ മമത അണികളോട് ആഹ്വാനം ചെയ്യുകയായിരുന്നു.