മുല്ലപ്പെരിയാര്‍: കേരള നിലപാട് ശരിവെച്ചു ജലകമ്മിഷൻ

ന്യൂഡൽഹി:  പത്തുവര്‍ഷത്തിലൊരിക്കല്‍ രാജ്യത്തെ പ്രധാന ഡാമുകളില്‍ സുരക്ഷാപരിശോധന ആവശ്യമാണെന്ന കേന്ദ്ര ജലകമ്മിഷന്റെ സുരക്ഷാപുസ്തകത്തിലെ വ്യവസ്ഥ മുല്ലപ്പെരിയാർ അണക്കെട്ടിനും ബാധകം. അണക്കെട്ടിൽ സമഗ്രമായ സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കമ്മിഷന്‍ അംഗീകരിച്ചു.

12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഇപ്പോള്‍ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാടിന്റെ വാദം ജലക്കമ്മീഷന്‍ തള്ളി. അണക്കെട്ടിന്റെ അറ്റകുറ്റപ്പണി നടത്തിയിട്ടു മതി പരിശോധനയെന്നായിരുന്നു തമിഴ്നാടിന്റെ വാദം.

സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റി 2011-ലാണ് ഇതിന് മുമ്പ് ഇങ്ങനെ ഒരു വിശദ പരിശോധന നടത്തിയത്. സ്വതന്ത്ര വിദഗ്ധന്‍മാര്‍ ഉള്‍പ്പെടുന്ന സമിതി കേരളം കൂടി നിര്‍ദ്ദേശിക്കുന്ന അജന്‍ഡ കൂടി ഉള്‍പ്പെടുത്തി അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ എന്നിവ പരിശോധിക്കും.

സുരക്ഷാ പരിശോധന നടത്തിയിട്ടുമതി അറ്റകുറ്റപ്പണിയെന്ന ശക്തമായ നിലപാടാണ് കേരളം മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി യോഗത്തില്‍ എടുത്തത്.

അണക്കെട്ടില്‍ അറ്റകുറ്റപ്പണിക്ക് സുപ്രീംകോടതി തമിഴ്നാടിന് 2014-ല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മേല്‍നോട്ടസമിതിയുടെ അംഗീകാരത്തോടെ അറ്റകുറ്റപ്പണിക്കായി തമിഴ്നാട് നീക്കം നടത്തിയത്.

കേരളത്തിന്റെ ആശങ്കകള്‍ കണക്കിലെടുത്ത് അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ആവശ്യമാണെന്ന് ഡോ. ജോ ജോസഫ് നല്‍കിയ പൊതുതാത്പര്യഹര്‍ജിയില്‍ 2022 ഫെബ്രുവരിയില്‍ സുപ്രീംകോടതി വിധിച്ചിരുന്നു.