പുനെ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് ശേഷം, ക്ഷേത്രം-പള്ളി തര്‍ക്കങ്ങള്‍ കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ആര്‍.എസ്.എസ് തലവന്‍ ഡോ.മോഹന്‍ ഭഗവത്.
ചിലയാളുകള്‍ ഹിന്ദുക്കളുടെ നേതാവായി ചമയുകയാണ്.അവരാണ് ഇത്തരം അവകാശവാദങ്ങളുമായി മുന്നോട്ട് വരുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും. ഇതംഗീകരിക്കാനാവില്ല- അദ്ദേഹം പറഞ്ഞു.പൂനയില്‍, ‘ഇന്ത്യ ലോക ഗുരു’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്.
വ്യത്യസ്ത വിശ്വാസങ്ങള്‍ക്കും ആശയങ്ങള്‍ക്കും ഒരുമയോടെ ജീവിക്കാനുള്ള ഒരു മാതൃകയാവണം ഇന്ത്യ.നമ്മള്‍ ഏറെക്കാലം ഐക്യത്തില്‍ ജീവിച്ചവരാണ്. ഈ ഐക്യം ലോകത്തിന് പകര്‍ന്നു നല്‍കണമെങ്കില്‍ നാം അതിന്റെ ഒരു മാതൃക സൃഷ്ടക്കേണ്ടതുണ്ട്.
ഓരോ ദിവസവും ഓരോ പ്രശ്‌നം സൃഷ്ടിക്കപ്പെടുകയാണ്. എങ്ങനെയാണ് ഇതനുവദിക്കുക. ഇത് തുടരാന്‍ പറ്റില്ല. നമുക്ക് ഒന്നിച്ചു ജീവിക്കാന്‍ കഴിയുമെന്ന് ഇന്ത്യ കാണിച്ചു കൊടുക്കണം.
ഉത്തർ പ്രദേശിലെ സംഭലിലെ ശാഹി ജുമ മസ്ജിദിനെക്കുറിച്ചും രാജസ്ഥാനിലെ അജ്മീര്‍ ശരീഫിനെക്കുറിച്ചും തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആരോപണങ്ങളുയരുന്നതിനെ പരാമർശിക്കുകയായിരുന്നു മോഹന്‍ ഭഗവത്.
ഇന്ത്യക്കാര്‍ തങ്ങളുടെ കഴിഞ്ഞ കാലത്തെ തെറ്റുകളില്‍ നിന്ന് പഠിക്കുകയും ലോകത്തിന് ഒരു മാതൃകയാവുകയും വേണമെന്ന് പറഞ്ഞ ഭഗവത് തര്‍ക്കവിഷയങ്ങളെ അവഗണിച്ച് മുന്നേറുന്നതിനെക്കുറിച്ചും സംസാരിച്ചു.
‘രാമക്ഷേത്രം വിശ്വാസത്തിന്റെ വിഷയമായിരുന്നു. ഹിന്ദുക്കള്‍ക്ക് ക്ഷേത്രം നിര്‍മിക്കണമെന്ന് ആഗ്രഹിച്ചു.എന്നാല്‍ പുതിയ വിഷയങ്ങള്‍ കുത്തിപ്പൊക്കി വെറുപ്പും ശത്രുതയും ഉണ്ടാക്കുന്നത് അംഗീകരിക്കാനാവില്ല- ഭഗവത് പറഞ്ഞു.
സമൂഹത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായ പുരാതന സംസ്‌കാരത്തിലേക്ക് മടങ്ങുകയാണ് പരിഹാരമെന്ന് പറഞ്ഞ ഭഗവത്, തീവ്രവാദം, ആക്രമണോത്സുകത, ബലപ്രയോഗം, മറ്റുള്ളവരുടെ വിശ്വാസത്തെയും ദൈവത്തെയും അപമാനിക്കല്‍ എന്നിവ തങ്ങളുടെ സംസ്‌കാരമല്ലെന്നും കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ഭൂരിപക്ഷമോ ന്യൂനപക്ഷമോ ഇല്ല, എല്ലാവരും ഒന്നാണ്. ഓരോരുത്തരുത്തര്‍ക്കും അവരുടെ ഇഷ്ടമുള്ള ആരാധനാരീതി രാജ്യത്ത് പിന്തുടരാന്‍ അവസരമുണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു.