മോദി ബൈഡന്‍ കൂടിക്കാഴ്ച്ച നടത്തി

In Main Story
September 09, 2023

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ബന്ധം ദൃഢമാക്കുന്ന ചര്‍ച്ചയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നേതാക്കളുടെ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. ദില്ലിയില്‍ ജി 20 ഉച്ചകോടിക്ക് എത്തിയതാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജി 20 ഉച്ചകോടി നാളെ ദില്ലിയില്‍ ആരംഭിക്കും. ഏതാണ്ട് എല്ലാ നേതാക്കളും ഡല്‍ഹിയില്‍ എത്തിക്കഴിഞ്ഞു.

ഇന്ത്യ അമേരിക്ക ബന്ധം ദൃഡമായി മുന്നോട്ടു കൊണ്ടു പോകാന്‍ സഹകരണം ശക്തമാക്കുമെന്ന് ചര്‍ച്ചയില്‍ ഇരുനേതാക്കളും വ്യക്തമാക്കി. ജൂണില്‍ വാഷിംഗ്ടണിലെ ചര്‍ച്ചയിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നത് നന്നായി പുരോഗമിക്കുന്നുവെന്നും ചര്‍ച്ചയില്‍ വിലയിരുത്തലുണ്ടായി. GE F – 414 ജെറ്റ് എഞ്ചിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടത്തി. യുദ്ധ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതും ഇരുരാജ്യങ്ങളും സ്വാഗതം ചെയ്തു.

അമേരിക്കയില്‍ നിന്ന് ഡ്രോണുകള്‍ വാങ്ങുന്ന കരാറും ചര്‍ച്ചയായി. ഇരു രാജ്യങ്ങളുടെയും ഉന്നത വിദ്യാഭ്യാസ രംഗത്തെ സഹകരണവും ചര്‍ച്ച ചെയ്തു. നയതന്ത്ര കൂടിക്കാഴ്ച സംബന്ധിച്ച് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കി. ചന്ദ്രയാന്‍ ആദിത്യ നേട്ടങ്ങളില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഇന്ത്യയെ അഭിനന്ദിച്ചു. യു എന്‍ സുരക്ഷ കൗണ്‍സിലിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനുള്ള അമേരിക്കന്‍ പിന്തുണ ബൈഡന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.

നേരത്തെ അമേരിക്കന്‍ പ്രഥമ വനിത ജില്‍ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചതോടെ ജോ ബൈഡന്റെ യാത്ര മുടങ്ങുമോയെന്ന ആശങ്കകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ബൈഡന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായത് ജി 20 ഉച്ചകോടിക്ക് പോസീറ്റീവായി. ജില്‍ ബൈഡന് കൊവിഡ് സ്ഥിരീകരിച്ച ശേഷമുള്ള ജോ ബൈഡന്റെ രണ്ടാം പരിശോധന ഫലവും നെഗറ്റീവായതോടെയാണ് ജി 20 ക്ക് അദ്ദേഹം എത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചത്. അടച്ചിട്ട മുറിയില്‍ മാസ്‌ക് ധരിച്ചാകും ജോ ബൈഡന്‍ പങ്കെടുക്കുകയെന്നാണ് വിവരം.