December 23, 2024 11:52 am

മെട്രോ റെയിൽ പദ്ധതി തിരുവനന്തപുരത്തും കോഴിക്കോട്ടും ?

തിരുവനന്തപുരം: ലൈറ്റ് മെട്രോയ്ക്കു പകരം തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയിൽ പദ്ധതി കൊണ്ടുവരാന്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര നഗരകാര്യ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് മുഖ്യമന്ത്രി നിവേദനം കൈമാറി. കൊച്ചി മെട്രോ മൂന്നാംഘട്ടത്തിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി വൻവികസന പദ്ധതികളുമായി ജനമധ്യത്തിൽ ഇറങ്ങാനാണ് ഇടതുമുന്നണി സർക്കാരിൻ്റെ ഉദ്ദേശ്യം.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിയ ഖട്ടാര്‍ കോവളത്ത് വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലും പങ്കെടുത്തിരുന്നു. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയ്ക്കെത്തിയിരുന്നു.

ഇതിനിടെ, കേന്ദ്രമന്ത്രിയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളില്‍ മുഖ്യമന്ത്രി നിവേദനം സമര്‍പ്പിച്ചത്. പദ്ധതിരേഖയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ കൊണ്ടുവരാനായിരുന്നു നേരത്തെ ആലോചനയുണ്ടായിരുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട പദ്ധതിയുടെ ആലോചനങ്ങള്‍ പിന്നീട് നിലച്ചുപോയിരുന്നു. പിന്നീട് കഴിഞ്ഞ ബജറ്റ് അവതരണത്തില്‍ ലൈറ്റ് മെട്രോകളുമായി മുന്നോട്ടുപോകാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ച വിവരം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News