കൊച്ചി: വിവാദ വ്യവസായി ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള ആലുവയിലെ കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലിന്റെ സാമ്പത്തിക ഇടപാടുകളില്‍ കേസെടുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും കത്ത് നൽകി.
മാര്‍ച്ചിൽ ഇതുസംബന്ധിച്ച കത്ത് നല്‍കിയിരുന്നു.നടപടി ഉണ്ടാകാത്തതിനാൽ മെയ് 10 ന് വീണ്ടും കത്തയച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം ഇ.ഡി. ഉന്നയിച്ചത്. ഇതോടെ പിണറായി സർക്കാർ വീണ്ടും പ്രതിരോധത്തിലായി.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണയുടെ ഐ.ടി. കമ്പനിയായ എക്‌സാലോജിക്കുമായുള്ള മാസപ്പടി ഇടപാട് ഉള്‍പ്പെടെ അന്വേഷിക്കണമെന്നാണ് കത്തിലെ ആവശ്യം.ഇടപാടുകളില്‍ ഐ.പി.സി. പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ ഇ.ഡി. ആവശ്യപ്പെട്ടത്.ഇ.ഡിയുടെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ പോലീസിന്റെ എഫ്.ഐ.ആര്‍. ആവശ്യമാണ്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പി.എം.എല്‍.എ) 66 (2) വകുപ്പ് പ്രകാരമുള്ള നടപടിയുടെ ഭാഗമാണിത്. വഞ്ചന, ഗൂഢാലോചന എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഇ.ഡി. പോലീസ് മേധാവിയെ അറിയിച്ചു.
ഇതിനിടെ മാസപ്പടി കേസ് റദ്ദാക്കണമെന്ന സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ഹർജി ബാലിശമാണെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. കളളപ്പണ ഇടപാടാണ് തങ്ങൾ പരിശോധിക്കുന്നതെന്നും എന്നാൽ സംസ്ഥാന പൊലീസിന്‍റെ അന്വേഷണ പരിധിയിൽ വരുന്ന ഗൂഡാലോചന, വഞ്ചന , അനധികൃത സ്വത്തുസമ്പാദനം അടക്കമുളള കാര്യങ്ങളിൽ കേസെടുക്കാൻ പര്യാപ്തമാണെന്നുമാണ് ഇഡി ഹൈക്കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്.