കൊച്ചി: സിനിമ വ്യവസായത്തിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നിഷ്ക്രിയത്വം കാണിച്ചെന്ന് ഹൈക്കോടതി.
സംസ്ഥാന പൊലീസ് മേധാവിക്ക് 2021ൽ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.എസ്.സുധ എന്നിവരുടെ ബെഞ്ച് ചോദിച്ചു.
രഹസ്യാത്മകത സൂക്ഷിക്കണമെന്ന് റിപ്പോർട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നായിരുന്നു സര്‍ക്കാരിന്‍റെ മറുപടി. സര്‍ക്കാരാണ് ആദ്യം നടപടി എടുക്കേണ്ടിയിരുന്നത്. പരാതിക്കാർ വരുമോ വരാതെ ഇരിക്കുകയോ ചെയ്യട്ടെ എന്ന് കോടതി വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനായുള്ള പ്രത്യേക ഡിവിഷൻ ബെഞ്ചിന്‍റെ ആദ്യ സിറ്റിങിലാണ് സര്‍ക്കാരിനെതിരെ കോടതി ആഞ്ഞടിച്ചത്. .
റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറാനും കോടതി നിർദേശിച്ചു. ഇതിലെ വിവരങ്ങൾ പരിശോധിച്ചശേഷം കേസെടുക്കേണ്ട കാര്യങ്ങൾ ഉണ്ടെങ്കില്‍ മുന്നോട്ടു പോകാം. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇതിന്മേലുള്ള റിപ്പോർട്ട് സമർപ്പിക്കണം. എന്തൊക്കെ നടപടികളാണു സ്വീകരിച്ചതെന്ന് വ്യക്തമാക്കി സർക്കാരും റിപ്പോര്‍ട്ട് സമർപ്പിക്കണം.
റിപ്പോർട്ടുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങളാണു പ്രത്യേകാന്വേഷണ സംഘം പരിശോധിക്കേണ്ടത്. കേസിലെ പരാതിക്കാരിക്ക് കേസുമായി മുന്നോട്ടു പോകേണ്ട എന്നാണെങ്കിൽ അത് മാനിക്കണം. റിപ്പോർട്ടിന്റെ രഹസ്യസ്വഭാവം നിലനിർത്തണം.
പരാതി നൽകിയവർക്കും ഇരകൾക്കും സമ്മർദമുണ്ടാക്കുന്ന സാഹചര്യമുണ്ടാകരുത്. അവരുടെ സ്വകാര്യത പൂർണമായി നിലനിർത്തണം. തിടുക്കപ്പെട്ട നടപടികൾ പ്രത്യേകാന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. മൊഴികൾ നല്‍കിയവർ ഉൾപ്പെടെ തങ്ങൾ അന്വേഷിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു പോകരുതെന്നും പ്രത്യേകാന്വേഷണ സംഘത്തോട് നിർദേശിച്ചു.
കേരളസമൂഹം പല വിധത്തിലും പ്രത്യേകതകൾ നിറഞ്ഞതാണ്. സമൂഹത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളുണ്ട്. ഭൂരിപക്ഷമുള്ള സ്ത്രീകൾ പ്രശ്നങ്ങൾ നേരിട്ടിട്ടും അത് പരിഹരിക്കാൻ നടപടികൾ ഇല്ലെന്നത് ഖേദകരമാണ്.
സിനിമയിലെ കാര്യങ്ങൾ മാത്രമല്ല, കേരള സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ ഉണ്ടാവണം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടരുതെന്ന് പറയുമ്പോൾ അതിലെ കാര്യങ്ങളിൽ നടപടി ഉണ്ടാകാൻ പാടില്ല എന്നർഥം. എന്തുകൊണ്ടാണു സർക്കാർ നിഷ്ക്രിയത്വം പാലിച്ചത്, നിശബ്ദത പാലിച്ചത്. സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത് ഭയപ്പെടുത്തുന്ന നിഷ്ക്രിയത്വമാണ്.
മൂന്നുവർഷം സർക്കാർ നടപടിയെടുത്തില്ല എന്നുള്ളത് ആശ്ചര്യമുളവാക്കുന്നതാണ്. ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ അത് പരിശോധിക്കേണ്ടതുണ്ട് എന്നത് സാമാന്യകാര്യമാണ്. അതുണ്ടായില്ല. റിപ്പോർട്ടിൽ ബലാത്സംഗം, പോക്സോ കേസുകൾ റജിസ്റ്റർ ചെയ്യാനുള്ള വസ്തുതയുണ്ട്. കേസെടുക്കാനുള്ള സാഹചര്യമില്ലെന്ന സർക്കാർവാദം എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനാണ് കമ്മിറ്റി വച്ചതെന്നും റിപ്പോർട്ടിൽ പരാതിക്കാരെ കുറിച്ചോ പരാതി എന്തെന്നോ ഇല്ലെന്നായിരുന്നു സർക്കാർ വാദം.
റിപ്പോർട്ടിന്മേലുള്ള ശുപാർശകൾ നടപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു തുടങ്ങിയിരുന്നെന്നും കോടതിയെ അറിയിച്ചു. 2023ൽ സിനിമാനയം രൂപീകരിക്കാനുള്ള കാര്യങ്ങൾ ആരംഭിച്ചിരുന്നെന്നും സർക്കാർ പറഞ്ഞു. എന്നാൽ ഒരു റിപ്പോർട്ട് കയ്യിൽ ഉണ്ടായിട്ടുണ്ട് 4 വർഷം എന്തു ചെയ്യുകയായിരുന്നു എന്ന് ചോദിച്ച കോടതി ഏതൊരു വിഷയത്തിലും എത്രയും പെട്ടെന്ന് നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും കൂട്ടിച്ചേർത്തു. ഒരു പരാതിയുമായി പൊലീസിനെ സമീപിച്ചാൽ 4 വർഷം കഴിഞ്ഞാണോ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നത്. അതുപോലെയാണ് ഇക്കാര്യത്തിൽ പെരുമാറിയത് എന്നും കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് സംസാരിക്കരുത്. രഹസ്യാത്മകത സൂക്ഷിക്കണം. പരാതിക്കാരുടെയോ പ്രതികളുടെയോ വിവരങ്ങൾ പുറത്തുവിടരുത്. മാധ്യമവിചാരണ പാടില്ല. മൊഴി നൽകിയവർക്ക് പരാതി ഇല്ല എങ്കിൽ അന്വേഷണം അവസാനിപ്പിക്കാമല്ലോ എന്നും കോടതി ചോദിച്ചു. മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അതിനായി പ്രത്യേക ഉത്തരവിറക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥര്‍ അന്വേഷണ വിവരങ്ങള്‍ പുറത്തുവിടരുതെന്നും കോടതി നിര്‍ദേശിച്ചു. .
റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന, ലൈംഗിക അതിക്രമം നടത്തിയവർക്കെതിരെ ക്രിമിനൽ നടപടി ആരംഭിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു പായിച്ചറ നവാസ് നൽകിയ പൊതുതാൽപര്യ ഹർജി, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ അപ്പീൽ, റിപ്പോർട്ടിൽ പറയുന്ന കുറ്റകൃത്യങ്ങൾ സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വനിതാ അഭിഭാഷകരായ എ.ജന്നത്ത്, അമൃത പ്രേംജിത് എന്നിവർ നൽകിയ പൊതുതാൽപര്യ ഹർജി, ടി.പി.നന്ദകുമാർ, മുൻ എംഎൽഎ ജോസഫ് എം.പുതുശേരി എന്നിവർ നൽകിയ ഹർജികൾ എന്നിവയാണ് പ്രത്യേക ബെഞ്ച് പരിഗണിക്കുന്നത്. അന്വേഷണം വേണമെന്ന ഹർജിയിൽ കക്ഷി ചേരാൻ നടി രഞ്ജിനി അനുമതി തേടി