തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ രഞ്ജിത്, അമ്മ സംഘടനയുടെ മുൻ ജനറൽ സെക്രട്ടറി സിദ്ധിഖ് എന്നിവർക്ക് എതിരെ ഉയർന്ന ലൈംഗികാരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് സർക്കാർ പ്രത്യേക സംഘം രൂപവൽക്കരിച്ചു.
ഐ.ജി: സ്പര്‍ജന്‍ കുമാര്‍ നേതൃത്വം നല്‍കുന്ന സംഘത്തില്‍ ഐ പി എസ് ഉദ്യോഗസ്ഥരായ ഡി. ഐ. ജി:എസ് അജിത ബീഗം, എ ഐ ജി: ജി. പൂങ്കുഴലി, എസ്.പി: മെറിന്‍ ജോസഫ്, എസ് പി: ഐശ്വര്യ ഡോങ്ക്രെ എന്നിവരും മധുസൂദനന്‍, വി അജിത് എന്നിവരും ഉള്‍പ്പെടുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതരമായ കണ്ടെത്തലുകളും തുടര്‍ന്ന് നടിമാര്‍ പരസ്യമായി രംഗത്ത് വരികയും ചെയ്തിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ലെന്ന വിമര്‍ശനം ശക്തമായതോടെയാണ് അന്വേഷണസംഘത്തെ നിയോഗിച്ചത്.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കില്ല. മറിച്ച് ആരോപണം ഉന്നയിച്ചവര്‍ക്ക് അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കാം. പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ കേസെടുക്കും. സിനിമ മേഖലയിലെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് ആര്‍ക്ക് പരാതിയുണ്ടെങ്കിലും അന്വേഷണ സംഘത്തെ സമീപിക്കാം.
സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്രയിൽ നിന്നു പൊലീസ് മൊഴിയെടുക്കും. പരാതിയിൽ ഉറച്ചു നിൽക്കുന്നുണ്ടോ? നിയമ നടപടിയുമായി മുന്നോട്ടു പോകുമോ എന്നറിയാനാണ് ശ്രമം. പരാതി പറയുന്നതിൽ നടി വിമുഖത കാണിക്കുകയും നിയമ നടപടിക്കില്ലെന്നു പറയുകയും ചെയ്താൽ രഞ്ജിത്തിനെ രക്ഷിച്ചെടുക്കാൻ സർക്കാരിന് കഴിയും.
നേരത്തെ, ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്ത് രാജിവെച്ചിരുന്നു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര, രഞ്ജിത്തിനെതിരേ പരാതിയുന്നയിച്ചത്.
ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര വ്യക്തമാക്കിയിട്ടുണ്ട്.ഒരു രഞ്ജിത്ത് മാത്രമല്ല ഉള്ളത്, നിരവധി പേരുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട സമയമാണ്,എല്ലാം പുറത്തുവരട്ടെ. ഒടുവില്‍ രഞ്ജിത്ത് സമ്മതിച്ചുവെന്നും അവർ കൂട്ടിച്ചേര്‍ക്കുന്നു.
ഞാന്‍ മനുഷ്യര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് ശ്രീലേഖ മിത്ര പറഞ്ഞു . സ്ത്രീ പുരുഷനെ ആക്രമിച്ചാല്‍ പുരുഷനൊപ്പം നില്‍ക്കും. ഇനിയെങ്കിലും സ്ത്രീകള്‍ സ്വന്തം ശക്തി തിരിച്ചറിയണം. നിരവധി പേര്‍ക്ക് ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്, ഇത് ബംഗാളി, ബോളിവുഡ് തുടങ്ങി എല്ലായിടത്തുമുണ്ട്.
താനായിട്ട് പരാതി നല്‍കില്ലെന്നും കേരള പോലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും ശ്രീലേഖ മിത്ര അറിയിച്ചു. പോലീസ് സമീപിച്ചാല്‍ നടപടികളോട് സഹകരിക്കും.
രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു.
സംഭവത്തില്‍ ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിനോടാണ് പരാതി പറഞ്ഞത് .പിന്നീട് ആരുംതന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിര്‍ത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര ആരോപിക്കുന്നു.
ഹേമ കമ്മിറ്റി മുമ്പാകെ അതിക്രമം തുറന്നുപറഞ്ഞ വിഷയങ്ങളില്‍ ഇപ്പോള്‍ അന്വേഷണമുണ്ടാകില്ല എന്നാണ് അറിയുന്നത്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് തീരുമാനം.
യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം നടന്‍ സിദ്ധിഖും രാജിവെച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് യുവനടി ആരോപിക്കുന്നത്.
സിനിമയില്‍ അവസരത്തിന് ക്ഷണിച്ച് തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലില്‍വെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് നടി പറഞ്ഞത്.