കോഴിക്കോട്: മലയാള സാഹിത്യത്തിലെ ഇതിഹാസമായിരുന്ന എം.ടി. വാസുദേവന്‍ നായര്‍ അന്തരിച്ചു.
വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 91 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം.
നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യു.എസില്‍ ബിസിനസ് എക്സിക്യുട്ടീവായ സിതാര, നര്‍ത്തകിയും സംവിധായികയുമായ അശ്വതി എന്നിവര്‍ മക്കളാണ്. മരുമക്കള്‍: സഞജയ് ഗിര്‍മേ, ശ്രീകാന്ത് നടരാജന്‍. അധ്യാപികയും വിവര്‍ത്തകയുമായിരുന്ന പരേതയായ പ്രമീള നായര്‍ ആദ്യഭാര്യ.
സംസ്‌കാരം വ്യാഴാഴ്ച കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.
ഏഴുപതിറ്റാണ്ട് എഴുത്തിന്റെ ‘സുകൃത’മായി നിറഞ്ഞ അതുല്യ വ്യക്തിത്വമാണ് മലയാളത്തോട് വിടപറയുന്നത്. കൈവെച്ച മേഖലകളിൽ എല്ലാം ‘ഉയരങ്ങളിൽ’ എത്തിയ പ്രതിഭാശാലിയായിരുന്നു എം.ടി. മലയാള ഭാഷയ്ക്ക് ‘രണ്ടാമൂഴം’ നൽകിയ എഴുത്തിന്റെ ‘ഓളവും തീരവും’ ഇനി എന്നേക്കും അക്ഷരലോകത്ത് ഓർമ്മയായി നിലകൊള്ളും.
ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി എം ടി ആശുപത്രിയിൽ കഴിയുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
ഒരു മാസത്തിനിടെ പല തവണ എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ 15ന് ആണ് അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുവന്നത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളും കുറച്ചു നാളുകളായി അലട്ടിയിരുന്നു. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാവിലെ മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയിരുന്നു.
എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു എം.ടി. മനുഷ്യന്റെ മനോവ്യഥയും സംഘര്‍ഷവും സമ്മേളിക്കുന്ന അക്ഷരനക്ഷത്രങ്ങളുടെ ഭാവതീവ്രത തലമുറകള്‍ക്കു പകര്‍ന്നു നല്‍കിയ എഴുത്തിന്റെ പുണ്യം. സാഹിത്യവും സിനിമയും പത്രപ്രവര്‍ത്തനവുമടക്കം കൈവെച്ചതെല്ലാം പൊന്നാക്കിയ സര്‍ഗതീവ്രത.
1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു ജനനം. പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരും അമ്മാളുഅമ്മയുമാണ് മാതാപിതാക്കള്‍. നാല് ആണ്‍മക്കളില്‍ ഇളയ മകന്‍. മലമക്കാവ് എലിമെന്ററി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് 1953-ല്‍ രസതന്ത്രത്തില്‍ ബിരുദം നേടി. കുറച്ചുകാലം അധ്യാപകന്‍. തുടര്‍ന്ന് 1956-ല്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായി തുടക്കം.
സ്‌കൂള്‍ കാലംമുതല്‍ എഴുത്തില്‍ തല്‍പരനായിരുന്നു എം.ടി. ആദ്യകഥ വിക്ടോറിയ പഠനകാലത്ത് പ്രസിദ്ധീകരിച്ച ‘രക്തം പുരണ്ട മണ്‍തരികള്‍’. 1953-ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന കഥ ഒന്നാം സ്ഥാനം നേടിയതോടെ എഴുത്തുകാരന്‍ എന്നനിലയില്‍ ശ്രദ്ധിക്കപ്പെട്ടു.
ഇക്കാലത്ത് ‘പാതിരാവും പകല്‍വെളിച്ചവും’ എന്ന ആദ്യനോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്നു. 1958-ല്‍ പ്രസിദ്ധീകരിച്ച ‘നാലുകെട്ട്’ ആണ് ആദ്യം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. തകരുന്ന നായര്‍ തറവാടുകളെയും അതിലെ മനുഷ്യരുടെ അന്തഃക്ഷോഭങ്ങളെയും ആവിഷ്‌കരിച്ച ഈ കൃതി 1959-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി.
1968-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. 1981-ല്‍ ആ സ്ഥാനം രാജിവെച്ചു. 1989-ല്‍ പീരിയോഡിക്കല്‍സ് എഡിറ്റര്‍ എന്ന പദവിയില്‍ തിരികെ മാതൃഭൂമിയിലെത്തി. 1999-ല്‍ മാതൃഭൂമിയില്‍നിന്ന് വിരമിച്ചശേഷം കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചു. നിലവില്‍ തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷനാണ്.
‘കാലം’, ‘അസുരവിത്ത്, ‘വിലാപയാത്ര’, ‘മഞ്ഞ്, എന്‍.പി. മുഹമ്മദുമായി ചേര്‍ന്നെഴുതിയ ‘അറബിപ്പൊന്ന്, ‘രണ്ടാമൂഴം’, ‘വാരാണസി’ തുടങ്ങിയ നോവലുകള്‍. കൂടാതെ ഒട്ടനവധി ചെറുകഥകളും നോവലെറ്റുകളും. എം.ടിയുടെ കരസ്പര്‍ശമേറ്റതെല്ലാം മലയാളികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി. 1984-ലാണ് ‘രണ്ടാമൂഴം’ പുറത്തുവരുന്നത്. ഭീമനെ കേന്ദ്രകഥാപാത്രമാക്കി, മഹാഭാരതത്തെ ഭീമന്റെ വീക്ഷണത്തില്‍ കാണുന്ന ‘രണ്ടാമൂഴം’ എം.ടിയുടെ മാസ്റ്റര്‍പീസായി വിലയിരുത്തപ്പെടുന്നു.
സാഹിത്യജീവിതത്തിന്റെ സ്വാഭാവിക പരിണാമമായിരുന്നു എം.ടിക്ക് സിനിമയും. സ്വന്തം കൃതിയായ ‘മുറപ്പെണ്ണി’ന് തിരക്കഥയെഴുതിയാണ് ചലച്ചിത്രലോകത്ത് പ്രവേശിക്കുന്നത്. തുടര്‍ന്ന് തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ മലയാള ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ അന്‍പതിലേറെ ചലച്ചിത്രങ്ങളുടെ പിന്നണിയില്‍ അദ്ദേഹമുണ്ടായിരുന്നു. നിര്‍മ്മാല്യം(1973), ബന്ധനം(1978), മഞ്ഞ്(1982), വാരിക്കുഴി(1982), കടവ് (1991), ഒരു ചെറുപുഞ്ചിരി(2000) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
ചെറുകഥകള്‍ പോലെതന്നെ ചെത്തിയൊതുക്കിയ, സമഗ്രതയാര്‍ന്ന തിരക്കഥകളായിരുന്നു എം.ടിയുടേത്. സംവിധായകനെന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലും പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ച് മലയാള സിനിമയെ നവീകരിച്ചു. എം.ടി. രൂപപ്പെടുത്തിയ കഥാപാത്രങ്ങള്‍ മലയാളത്തിലെ മഹാരഥന്മാരായ നടന്മാരുടെ പ്രതിഭയ്ക്ക് ഉരകല്ലായി.
2005-ല്‍ രാജ്യം എം.ടിയെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. സാഹിത്യരംഗത്ത് ഭാരതത്തില്‍ നല്‍കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995-ല്‍ ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (നാലുകെട്ട്), വയലാര്‍ അവാര്‍ഡ് (രണ്ടാമൂഴം), മാതൃഭൂമി പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം എന്നിങ്ങനെ എണ്ണപ്പെട്ട ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചു.
മലയാളസാഹിത്യത്തിന് നല്‍കിയ അമൂല്യസംഭാവനകള്‍ കണക്കിലെടുത്ത് കോഴിക്കോട് സര്‍വകലാശാലയും മഹാത്മ ഗാന്ധി സര്‍വകലാശാലയും ഡി.ലിറ്റ്. നല്‍കി ആദരിച്ചു. എം.ടി. ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ‘നിര്‍മ്മാല്യം’ 1973-ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ഇതിനുപുറമേ മുപ്പതിലേറെ ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
One Response
Super write-up