ലുലു മാളില്‍ വന്‍ ഡാറ്റാ ചോർച്ച

ദുബായ് : ഗള്‍ഫ് മേഖലയില്‍ ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഡാറ്റാ ബേസിനെ ഹാക്കർമാർ ആക്രമിച്ചു. 196000 വ്യക്തികളുടെ വിവരം അവർ ചോർത്തി.

ലുലു മാർക്കറ്റിന്റെ എല്ലാ ഡാറ്റാ ബേസുകളിലേക്കും തങ്ങള്‍ കടന്ന് കയറിയിട്ടുണ്ടെന്ന്, ഡാർക്ക് വെബ് ഫോറങ്ങളിലെ സോളോ ഹാക്കറായ ഇൻ്റല്‍ ബ്രോക്കർ അവകാശപ്പെടുന്നു.’ദശലക്ഷക്കണക്കിന് ഉപയോക്താക്കളും ഓർഡറുകളും ഉള്‍പ്പെടെയുള്ള മുഴുവൻ ഡാറ്റാബേസും എൻ്റെ പക്കലുണ്ട്’ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഹാക്കർ വ്യക്തമാക്കിട്ടുണ്ട്. ഫോണ്‍നമ്ബറും ഇമെയിലും സഹിതമാണ് ചോർന്നത്.

ഇത്തരത്തില്‍ മോഷ്ടിക്കപ്പെടുന്ന ഡാറ്റ വിൽക്കാറുള്ള കുപ്രസിദ്ധ പ്ലാറ്റ്‌ഫോമായ ബ്രീച്ച്‌ഫോറത്തിലുടെയാണ് വിവരം ചോർന്ന കാര്യം പുറത്ത് വന്നത്.

അടുത്തിടെ കനേഡിയൻ, സ്വീഡിഷ് സൂപ്പർമാർക്കറ്റ് ശൃംഖലകളെ കേന്ദ്രീകരിച്ചും സമാനമായ ആക്രമണം നടന്നിരുന്നു. ലോസ് ഏഞ്ചല്‍സ് ഇൻ്റർനാഷണല്‍ എയർപോർട്ട്, യു എസ് ഫെഡറല്‍ ടെക്‌നോളജി കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ അക്വിറ്റി എന്നിവ പോലുള്ള സ്ഥാപനങ്ങളില്‍ കടന്ന് കയറി വിവരം ചോർത്തിയിട്ടുള്ള ഹാക്കറാണ് ഇന്റല്‍ ബ്രോക്കർ.

ദിനംപ്രതി ആയിരക്കണക്കിന് ആളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു എന്നതാണ് ഹൈപ്പർ മാർക്കറ്റുകള്‍ ലക്ഷ്യമിടാനുള്ള പ്രധാന കാരണം.

ലുലു ഹൈപ്പർമാർക്കറ്റ് അധികൃതർ ചോർച്ച സംബന്ധിച്ച വാർത്ത സ്ഥിരീകരിച്ചു എന്നാണ് റിപ്പോർട്ട്.
സൈബർ സുരക്ഷാ നടപടികള്‍ വർദ്ധിപ്പിക്കാനും ഉടനടി നടപടികള്‍ സ്വീകരിക്കുന്നതായും കമ്പനി ഉപയോക്താക്കള്‍ക്ക് ഉറപ്പ് നല്‍കി.