April 21, 2025 11:48 am

കോൺഗ്രസ് പത്രിക തള്ളി: ആദ്യ വിജയം ബിജെപിക്ക്

അഹമ്മദാബാദ് : ഗുജറാത്തിലെ സൂറത്ത് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

നാമനിര്‍ദേശം ചെയ്തവര്‍ പിന്മാറിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേശ് കുംഭാണിയുടെ
പത്രിക കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനു പിന്നാലെ ബിജെപിയുടേതല്ലാത്ത മറ്റു സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയും ചെയ്തു. ഇതോടെയാണ് മുകേഷ് ദലാല്‍ തിരഞ്ഞെടുക്കപ്പെട്ടത്.

കോണ്‍ഗ്രസിന്റെ നിലേശ് കുംഭാണിയുടെ പത്രികയാണ് നാമനിര്‍ദേശം ചെയ്ത മൂന്ന് വോട്ടര്‍മാരും പിന്മാറിയതിനെ തുടര്‍ന്ന് തള്ളിയത്. പകരക്കാരന്റെ പത്രികയും ഇതേ കാരണത്താല്‍ കഴിഞ്ഞദിവസം തന്നെ തള്ളിയിരുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് സൂക്ഷ്മപരിശോധനാദിവസമായ ശനിയാഴ്ച നാമനിര്‍ദേശം ചെയ്തവര്‍ നേരിട്ട് വരണാധികാരിക്ക് സത്യവാങ്മൂലം നല്‍കുകയായിരുന്നു.

ഡമ്മിസ്ഥാനാര്‍ഥിയായ സുരേഷ് പഡസലയെ നിര്‍ദേശിച്ച ഒരാളും ഇതുപോലെ സത്യവാങ്മൂലം കൊടുത്തു. പത്രികകള്‍ തള്ളണമെന്ന് ബി.ജെ.പി.സ്ഥാനാര്‍ഥിയുടെ ഏജന്റ് പരാതിനല്‍കിയിരുന്നു.

നാമനിര്‍ദേശകരെ ഹാജരാക്കാനോ തൃപ്തികരമായ വിശദീകരണം നല്‍കാനോ കഴിയാത്തതിനാല്‍ ഇരുവരുടെയും പത്രിക തള്ളിയതായി ഞായറാഴ്ച വരണാധികാരി അറിയിച്ചു.നാമനിര്‍ദേശകരില്‍ ഒരാള്‍ കുംഭാണിയുടെ സഹോദരീഭര്‍ത്താവാണ്.

സ്വതന്ത്രരടക്കമുള്ള ഏഴ് സ്ഥാനാര്‍ഥികള്‍ ഇന്ന് പത്രിക പിന്‍വലിക്കുകയായിരുന്നു. ഗുജറാത്തില്‍ എഎപിക്കൊപ്പം ചേര്‍ന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ്‌ 24 സീറ്റുകളിലായിരുന്നു മത്സരിക്കാന്‍ തീരുമാനിച്ചത്.രണ്ട് സീറ്റുകള്‍ എഎപിക്ക് നല്‍കിയിരുന്നു.

ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ ബിജെപി ആസൂത്രിത നീക്കമാണ് നടത്തിയതെന്ന് സൂറത്തിലെ കോണ്‍ഗ്രസ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News