ലിവ് ഇൻ ബന്ധം വിവാഹമല്ലെന്ന് ഹൈക്കോടതി

കൊച്ചി :സ്ത്രീ, പുരുഷന്മാർ ഒന്നിച്ച് താമസിക്കുന്ന ലിവ് ഇൻ ബന്ധം നിയമപരമായ വിവാഹമല്ലെന്ന് ഹൈക്കോടതി.

അതിനാൽ ഗാർഹിക പീഡന നിരോധന നിയമത്തിലെ 498 (എ) അനുസരിച്ചുള്ള കുറ്റം പങ്കാളിക്ക് ബാധകമല്ലെന്ന് കോടതി വിധിച്ചു. ലിവിങ് ടുഗതർ പങ്കാളിയെ ഭാര്യയെന്നോ ഭർത്താവെന്നോ വിശേഷിപ്പിക്കാൻ കഴിയില്ല.

എറണാകുളം സ്വദേശിയായ യുവാവുമായി ലിവ് ഇൻ ബന്ധത്തിലായിരുന്ന സമയത്ത് ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയായി എന്നു കാട്ടി കോഴിക്കോട് സ്വദേശിനി നൽകിയ പരാതി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എ.ബദറുദീന്റെ ബെഞ്ച് ഈ വിധി പറഞ്ഞത്.

ഐപിസി 498 (എ) അനുസരിച്ച് യുവാവിനെതിരെ കേസെടുത്തിരുന്നു. വിവാഹ ബന്ധത്തിൽ ഭാര്യയ്ക്ക് ഭർത്താവിൽ നിന്നോ ഭർത്താവിന്റെ ബന്ധുക്കളില്‍ നിന്നോ പീഡനങ്ങളേൽ‍ക്കുന്നതിനെ തടയുന്നതാണ് ഈ വകുപ്പ്.

കോഴിക്കോട് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയിരുന്നു. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിൽ ആണ് ഈ കേസിപ്പോൾ. ഇതിനെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

കേസിൽ കുറ്റം നിലനിൽ‍ക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ നിയമപരമായി വിവാഹിതരായിട്ടില്ല എന്ന് ഹർജിക്കാരൻ വാദിച്ചു. ഹൈക്കോടതിയുടെ മുൻ വിധികളൂം ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

ഇതേ വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായിട്ടുള്ള മുൻ വിധിന്യായങ്ങൾ പിന്തുടർന്നാണ് ഹൈക്കോടതിയും ഇത്തരം കേസുകളിൽ മുൻപ് വിധി പറഞ്ഞിട്ടുള്ളതെന്ന്നിരീക്ഷിച്ചു.

ഭർത്താവ് എന്ന് പറയുന്നത് സ്ത്രീയുടെ വിവാഹബന്ധത്തിലുള്ള പങ്കാളിയെയാണ്. അത്തരത്തിൽ നിയമപരമായ വിവാഹബന്ധത്തില്‍ അല്ലാതെ സ്ത്രീയുടെ പങ്കാളിയെ ഭർത്താവ് എന്നു വിശേഷിപ്പിക്കാൻ കഴിയില്ല. തുടർന്ന് യുവാവിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.