കാണാതായത് 206 പേർ; മരണം 360 ആയി

കല്പററ: വയനാട് ഉരുള്‍പ്പൊട്ടലില്‍ മരണം 360 ആയി. 146 മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹം പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും.ദുരന്തത്തില്‍ 30 കുട്ടികള്‍ മരിച്ചെന്നും സ്ഥിരീകരണം.

മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ച് മൃതദേഹങ്ങൾ കണ്ടെത്താൻ തിരച്ചില്‍ നടക്കുന്നുണ്ട്. മാവൂർ ചാലിയാറിൽ വീണ്ടും തെരച്ചിൽ ആരംഭിച്ചു.

രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് പലയിടത്തായി കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനാണ് ആദ്യം ശ്രമിച്ചത് ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ അത് കണ്ടെത്തുകയെന്ന ലക്ഷ്യമായിരുന്നു ആദ്യത്തേതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടിൽ നടന്നതെന്ന് ദൂന്തഭൂമിയിലെത്തിയ നടൻ മോഹൻലാൽ അഭിപ്രായപ്പെട്ടു. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനാവില്ല. മുന്നോട്ടുള്ള ജീവിതം മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടത്.നേരിട്ട് കണ്ടാൽ മാത്രം മനസിലാകുന്നതാണ് ദുരന്തത്തിൻ്റെ തീവ്രത. സാധാരണക്കാർ മുതൽ സൈന്യം വരെ എല്ലാവരും ദൗത്യത്തിൻ്റെ ഭാഗമായി.താൻ കൂടി അടങ്ങുന്നതാണ് മദ്രാസ് 122 ബറ്റാലിയൻ. കഴിഞ്ഞ 16 വർഷമായി താനീ സംഘത്തിലെ അംഗമാണ് എന്ന് ലൈഫ് കേണൽ കൂടിയായ അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവ‍ർത്തനം നടത്തുന്നവരെ നേരിട്ട് കാണാനും നന്ദി പറയാനും മനസ് കൊണ്ട് അവരെ നമസ്കരിക്കാനുമാണ് താൻ വന്നത്. ബെയ്‌ലി പാലം തന്നെ വലിയ അദ്ഭുതമാണ്. ഈശ്വരൻ്റെ സഹായം കൂടെയുണ്ട് ഇത് യാഥാർത്ഥ്യമായതിന് പിന്നിലെന്ന് കരുതുന്നു. ദുരന്ത മേഖലയുടെ പുനരുദ്ധാരണത്തിനായി വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി നൽകും. സ്ഥിതി നിരീക്ഷിച്ച ശേഷം ഫൗണ്ടേഷൻ വീണ്ടും സാമ്പത്തിക സഹായം ആവശ്യമെങ്കിൽ നൽകും. വെള്ളാർമല സ്കൂളിൻ്റെ പുനരുദ്ധാരണം ഏറ്റെടുക്കുമെന്നും മോഹൻലാൽ അറിയിച്ചു.

വയനാട്ടിലെ ദുരന്ത മേഖലയായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലേക്ക് പാകം ചെയ്ത ഭക്ഷണങ്ങളോ ഭക്ഷണ പദാർത്ഥങ്ങളോ കൊണ്ടുവരേണ്ടതില്ലെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നവ വളണ്ടിയർമാർക്കും സർക്കാർ ഏജൻസികളിൽ നിന്നുള്ള അംഗങ്ങൾക്കും ഭക്ഷണം മേപ്പാടിയിലെ പൊതുവായ അടുക്കളയിലാണ് തയ്യാറാക്കുന്നത്. അപകട സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണമെന്നും കളക്ടർ ഉത്തരവിൽ വ്യക്തമാക്കി.