കുവൈറ്റ് സിറ്റി: സ്വദേശവൽക്കരണത്തിൻ്റെ ഭാഗമായി വിവിധ മേഖലകളിലുള്ള വിദേശികളുടെ സേവനം അവസാനിപ്പിക്കാൻ കുവൈററ് സർക്കാർ തീരുമാനമെടുത്തു.
നാട്ടുകാർക്ക് തൊഴിൽ ഉറപ്പാക്കുന്നതിനായാണ് കുവൈറ്റ് സർക്കാരിന്റെ പുതിയ നീക്കം.പൊതുമരാമത്ത്, മുനിസിപ്പൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി നൂറ അൽ മഷാൻ വിദേശികളെ മൂന്നു ദിവസത്തിനകം പിരിച്ചുവിടാൻ നിർദേശം നൽകി.
കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ എക്സിക്യൂട്ടീവ് ബോഡിയിൽ ജോലി ചെയ്യുന്നവർ, അഫിലിയേറ്റഡ് ഡയറക്ടറേറ്റുകളിൽ ജോലി ചെയ്യുന്ന നിയമോപദേശകർ തുടങ്ങിയവരെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത്. എഞ്ചിനീയറിംഗ്,അക്കൗണ്ടിംഗ്,നിയമം എന്നിവയിലും മറ്റ് അഡ്‌മിനിസ്‌ട്രേറ്റീവ് ജോലികൾ ചെയ്യുന്നവരെയും ഇത് ബാധിക്കും.
ഏകദേശം 4,83,200 പേരാണ് കുവൈറ്റ് പൊതുമേഖലയിൽ ജോലി ചെയ്യുന്നത്.ഇതിൽ 23 ശതമാനവും അന്യരാജ്യക്കാരാണ്. 4.8 മില്യൺ ജനസംഖ്യയുള്ള രാജ്യത്ത് 3.3 മില്യൺ ജനങ്ങളും വിദേശികൾ തന്നെ.അതിനാൽ, നിയമവിരുദ്ധമായി രാജ്യത്തെത്തുന്നവരെയും താമസിക്കുന്നവരെയും തടയാനായി കുവൈറ്റ് നിയമങ്ങൾ കർശനമാക്കിയിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനായി സർക്കാർ നടപടികൾ ആരംഭിച്ചിരുന്നു.2024ൽ കുവൈറ്റ് പെട്രോളിയം കോർപ്പറേഷനിൽ വന്ന 1,211 ഒഴിവുകളിലും കുവൈറ്റ് പൗരന്മാർക്ക് മാത്രമാണ് തൊഴിൽ ലഭിച്ചത്.