തിരുവനന്തപുരം : നിയമസഭസമ്മേളനവും ലോക് സഭാ
തെരഞ്ഞെടുപ്പും അടുത്തിരിക്കെ, ഇരുളിലായിരുന്ന മാസപ്പടി വിവാദം വീണ്ടും കൂടുതൽ ശക്തമായി കത്തുന്നത് സി പി എമ്മിനെയും സര്ക്കാരിനെയും പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക്ക് എന്ന
കമ്പനിക്കെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എക്‌സാലോജിക്കും കരിമണല്‍ കമ്പനി സിഎംആര്‍എലും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ആണ് അന്വേഷിക്കുക.
മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. നാലുമാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകണം.
കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിലേക്ക് കെഎസ്ഐഡിസി കൂടി വന്നത് സർക്കാരിനെയും സിപിഎമ്മിനെയും കടുത്ത വെട്ടിലാക്കുന്നുണ്ട് . രജിസ്റ്റാർ ഓഫ് കമ്പനീസിന്റെ പ്രാഥമിക അന്വേഷണത്തിലെ ചോദ്യങ്ങൾക്ക്, കെഎസ്ഐഡിസി മറുപടി പോലും നൽകിയില്ലെന്ന കണ്ടെത്തൽ, സർക്കാറിന് കുരുക്കാണ്. വിശദാന്വേഷണത്തിനുള്ള കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ ഉത്തരവിനോട് സിപിഎം നേതാക്കളും മന്ത്രിമാരും പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ്.
മാസപ്പടി വിവാദം കത്തിനിൽക്കെ രണ്ട് കമ്പനികൾ തമ്മിലുണ്ടാക്കിയ സുതാര്യമായ കരാറെന്ന് പറഞ്ഞുള്ള വാർത്താകുറിപ്പിലൂടെയാണ് ഓഗസ്റ്റ് പത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സിഎംആർഎൽ-എക്സാ ലോജിക് ഇടപാടിന് ക്ലീൻ ചിറ്റ് നൽകിയത്.
ഇടപാടിൽ സർക്കാറിനും പാർട്ടിക്കും ബന്ധമില്ലെന്ന നേതാക്കളുടെ ആവർത്തിച്ചുള്ള ന്യായീകരണങ്ങൾ എല്ലാം പൊളിക്കുന്നു കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിൻറെ അന്വേഷണ ഉത്തരവ്. സിഎംആർഎല്ലിൽ 14 ശതമാനം ഓഹരിയാണ് വ്യവസായ വകുപ്പിന് കീഴിലെ കെഎസ്ഐഡിസിക്കുള്ളത്.
എക്സാലോജിക്-സിഎംആർഎൽ ഇടപാടിൽ രജിസ്ട്രാർ ഓഫ് കമ്പനീസിൻറെ പ്രാഥമിക അന്വേഷണത്തിൽ കെഎസ്ഐഡിസി മറുപടി പോലും നൽകാത്തതാണ് അതീവ ദുരൂഹം. എല്ലാം സുതാര്യമെങ്കിൽ അത് തെളിയിക്കാൻ സർക്കാറിന് മുന്നിലെ അവസരമായിരുന്നു കെഎസ്ഐഡിസിയോടുള്ള ചോദ്യം. ഇടപാടിലെ ക്രമക്കേടുകളിൽ കെഎസ്ഐഡിസിക്കും പങ്കുണ്ടെന്ന വാദത്തെ ബലപ്പെടുത്തുന്നതാണ് ഒഴിഞ്ഞുമാറൽ.
വീണയുടെ കമ്പനിയുടെ ഇടപാട് സുതാര്യമാണെന്ന മുഖ്യമന്ത്രിയുടെ പ്രതിരോധവും തള്ളുന്നതാണ് പുതിയ അന്വേഷണ ഉത്തരവ്, എക്സാലോജികിൻറെ ഭാഗം കേട്ടില്ലെന്ന വാദം ഇനി നിലനിൽക്കില്ല.
മാസപ്പടി വിവാദത്തിന് പിന്നാലെ എക്സാലോജിക് പ്രവർത്തനം തന്നെ നിർത്തിയിരുന്നു. എക്സാലോജിക്കിൽ ക്രമക്കേട് ഉണ്ടായെന്നാണ് ആർഒസി ബംഗ്ളൂരുവിൻറെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
വീണയെ പ്രതിരോധിച്ച് ഭർത്താവ് മന്ത്രി മുഹമ്മദ് റിയാസും ഇടതുമുന്നണി കൺവീനർ ഇ പി ജയരാജനും രംഗത്തെത്തിയിരുന്നു.അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് റിയാസും ജയരാജനും വാദിക്കുന്നു.
തിരെഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നീക്കം എന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. ” അന്വേഷണമൊക്കെ കുറെ കണ്ടതാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ഇപ്പോഴത്തെ നീക്കം,” റിയാസ് ചൂണ്ടിക്കാട്ടി.
രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ ബെംഗലൂരു, കൊച്ചി യൂണിറ്റുകളാണ് പ്രാഥമിക അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തില്‍ സിഎംആര്‍എലും കെഎസ്‌ഐഡിസിയും നല്‍കിയ ഉത്തരങ്ങളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വിശദ അന്വേഷത്തിന് ഉത്തരവിട്ടത്. 2013 കമ്പനീസ് ആക്ട്‌സ് സെക്ഷന്‍ 210 (1) ( സി) പ്രകാരമാണ് അന്വേഷണം.
മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ പേരില്‍ എക്‌സാലോജിക്കിന് സിഎംആര്‍എല്‍ 1.72 കോടി രൂപ അനധികൃതമായി നല്‍കിയെന്ന് നേരത്തെ ആദയനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.