യു കെയിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെ തടഞ്ഞു

In Main Story
September 30, 2023

ലണ്ടൻ:   യു കെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ ഖാലിസ്ഥാൻ അനുകൂലികൾ ത‌ടഞ്ഞു. സ്‌കോട്ട്‌ലന്റിലെ ഒരു ഗുരുദ്വാരയിൽ ഹൈക്കമ്മീഷണർ പ്രവേശിക്കാനൊരുങ്ങവെയാണ് ഒരുകൂട്ടം തീവ്ര ബ്രിട്ടീഷ് സിഖ് വിഭാഗക്കാർ വിക്രം ദൊരൈസ്വാമിയെ തടഞ്ഞത്.

ദൊരൈസ്വാമിയ്‌ക്ക് ഗുരുദ്വാരയിലേക്ക് സ്വാഗതം ഇല്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഗ്ളാസ്‌ഗോ ഗുരുദ്വാര കമ്മിറ്റിയുമായി ദൊരൈസ്വാമി കൂടിക്കാഴ്‌ചതീരുമാനിച്ചിരുന്നെന്നും അതിന് അനുവദിക്കില്ലെന്നുമാണ് ചില പ്രതിഷേധക്കർ അഭിപ്രായപ്പെട്ടത്. ഇന്ത്യക്കാരെ യു കെയിൽ ഗുരുദ്വാരകളിൽ പ്രവേശിപ്പിക്കില്ലെന്നാണ് തടഞ്ഞവരുടെ വാദം. സംഭവത്തിൽ വിദേശകാര്യ മന്ത്രാലയമോ യു കെയിലെ ഇന്ത്യൻ ഹൈക്കമ്മീഷനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജൂൺ മാസത്തിൽ നടന്ന നിജ്ജറിന്റെ വധത്തിൽ ഇന്ത്യൻ രഹസ്യാന്വേഷ ഏജൻസിക്ക് പങ്കുണ്ടെന്നാണ് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചത്. സെപ്‌തംബർ 18നായിരുന്നു ഇത്. തുടർന്ന് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകുകയും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്‌തു. മറുപടിയായി ഇന്ത്യ മുതിർന്ന കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയിരുന്നു.