തിരുവനന്തപരം: കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വീണ്ടും വന്ദേഭാരത് ട്രെയിന്‍. ദീപാവലിയോടനുബന്ധിച്ച് ആയിരിക്കും പുതിയ സര്‍വീസ്.
ചെന്നൈയില്‍നിന്ന് ബെംഗളൂരുവിലേക്കും ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കുമായുള്ള വന്ദേഭാരത് സര്‍വീസ് ശൃംഖലയാണ് ഉണ്ടാവുക.
ചെന്നൈ-ബെംഗളൂരു, ബെംഗളൂരു-എറണാകുളം സൗത്ത് എന്നിങ്ങനെ ആകെ എട്ട് സര്‍വീസുകള്‍ നടത്താനാണ് തീരുമാനം.
ചെന്നൈ സെന്ററില്‍നിന്ന് പുറപ്പെട്ട് രാവിലെ നാലുമണിയോടെ ബെംഗളൂരുവിലെത്തും. തുടര്‍ന്ന് നാലരയ്ക്ക് അവിടുന്ന് പുറപ്പെട്ട് എറണാകുളത്ത് ഉച്ചയ്ക്ക് ഒന്നരയോടെ എത്തും. തിരിച്ചും ഈ വിധത്തില്‍ സര്‍വീസ് നടത്തും.
ദീപാവലി സ്പെഷല്‍ സര്‍വീസ് ആയിട്ടായിരിക്കും ഇത് ആരംഭിക്കുകയെങ്കിലും യാത്രക്കാരില്‍നിന്ന് മികച്ച പ്രതികരണം ലഭിച്ചാല്‍ സര്‍വീസ് സ്ഥിരമാക്കുമെന്നാണ് സൂചന.