April 22, 2025 11:52 pm

മദ്യം വീട്ടിലെത്തും: പദ്ധതിയെപ്പറ്റി ചർച്ച തുടങ്ങി

മുംബൈ: കേരളം ഉള്‍പ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളിൽ, മദ്യം വീട്ടിലെത്തിക്കുന്നതിന് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമാറ്റോ, സ്വിഗി പോലുള്ള കമ്പനികളുമായി മദ്യ വിതരണകമ്പനിക്കാര്‍ ചര്‍ച്ച ആരംഭിച്ചു

കേരളത്തിന് പുറമേ കര്‍ണാടക, തമിഴ്‌നാട്, ഗോവ, ഹരിയാന, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിൽ ഈ പദ്ധതി നടപ്പാക്കുന്നതിനെപ്പററിയുള്ള ചര്‍ച്ച തുടരുകയാണെന്ന് ‘എക്കണോമിക് ടൈംസ്’ പറയുന്നു.

പശ്ചിമ ബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇപ്പോൾ മദ്യം വീട്ടിലെത്തിക്കുന്നുണ്ട്. ഈ വില്‍പ്പന തുടങ്ങിയ ശേഷം ഈ സംസ്ഥാനങ്ങളിലെ മദ്യവില്‍പ്പന 20 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധിച്ചതായി കണക്കുകളുണ്ട്.

പ്രീമിയം ബ്രാന്‍ഡുകളുടെ വില്‍പ്പനയാണ് ഉയര്‍ന്നത്. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, അസം എന്നിവിടങ്ങളില്‍ കൊവിഡ്-19 ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈനായി മദ്യ വിതരണത്തിനുള്ള താല്‍ക്കാലിക അനുമതി നല്‍കിയിരുന്നു. എന്നാൽ ലോക്ഡൗണ്‍ അവസാനിച്ചതോടെ ഹോം ഡെലിവറി സൗകര്യവും നിര്‍ത്തി.

നിയമപ്രകാരം ഉപഭോക്താക്കളുടെ എല്ലാ വിവരങ്ങളും ശേഖരിച്ച ശേഷം മാത്രമായിരിക്കും മദ്യത്തിന്റെ ഓണ്‍ലൈന്‍ വിതരണം. പ്രായപൂര്‍ത്തിയാകാത്ത വ്യക്തികള്‍ക്ക് മദ്യം ലഭിക്കുന്നത് തടയുന്നതിന് വേണ്ടുന്ന നടപടികളും ഉറപ്പാക്കും.

കേരളത്തില്‍ പുതിയ മദ്യനയം രൂപീകരിക്കുമ്പോള്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് നിരവധി നിര്‍ദേശങ്ങള്‍ വന്നിരുന്നു. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയും ഡ്രൈ ഡേ പിന്‍വലിക്കലുമെല്ലാം ഇത്തരത്തില്‍ വന്ന നിര്‍ദേശങ്ങളാണെങ്കിലും സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊണ്ടിരുന്നില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിന് തിരിച്ചടി നേരിട്ടിരിക്കുന്ന സാഹചര്യത്തില്‍ കരുതലോടെ മാത്രമേ ഇത്തരമൊരു കാര്യത്തില്‍ കേരളത്തിൽ ഇടതുമുന്നണി സര്‍ക്കാർ മുന്നോട്ട് പോകൂ.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News