തിരിച്ചടയ്‌കേണ്ടത് 125.83 കോടി; തിരിച്ചുകിട്ടിയത് 4,449 രൂപ

In Main Story, Special Story
September 27, 2023

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പിൽ പോലീസ് കേസെടുത്തിട്ട് രണ്ടുവര്‍ഷവും രണ്ടുമാസവും, ഇതേവരെ തിരിച്ചുകിട്ടിയത് 4,449 രൂപ മാത്രം.  വകുപ്പ് നടത്തിയ അന്വേഷണത്തില്‍ നഷ്ടമുണ്ടാക്കിയവര്‍ തിരിച്ചടയ്‌ക്കേണ്ട 125.83 കോടിയില്‍ ഒരാള്‍ മാത്രം തിരിച്ചടച്ച തുകയാണിത്. ബാങ്കിന്റെ വളം ഡിപ്പോയില്‍ േജാലി ചെയ്തിരുന്ന കെ.എം. മോഹനനാണ് 4,449 രൂപ തിരിച്ചടച്ച് ബാധ്യത തീര്‍ത്തത്.

ബാങ്കിന്റെ 20 ഭരണസമിതിയംഗങ്ങളേയും അഞ്ചു ജീവനക്കാരേയുമാണ് സഹകരണ വകുപ്പ് പ്രതി ചേര്‍ത്തത്. ഇവരുടെ വസ്തുക്കള്‍ ജപ്തിചെയ്യാന്‍ തുടങ്ങിയെങ്കിലും എല്ലാവരും ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങി.2021 ജൂലായ് 21-നാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. നൂറില്‍പ്പരം രേഖകളും പ്രതികളുടെ വസ്തുക്കളും പിടിച്ചെടുത്തെങ്കിലും ലേലം നടത്തി തുക സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടാനായില്ല. അന്വേഷണം പാതി വഴിയിലാണ്.

കരുവന്നൂരിലെ തട്ടിപ്പ് ആദ്യമായി പാർട്ടിയെ അറിയിച്ച പ്രവർത്തകനായ രാജീവിനെ 1998 ഡിസംബർ ആറിന് മാടായിക്കോണത്തെ ട്രാൻസ്‌ഫോർമറിന് സമീപം കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇൗ കേസ് പോലീസ് എഴുതിത്തള്ളി. അയ്യന്തോൾ ബാങ്കിൽ ജീവനക്കാരനായിരുന്ന വാടാനപ്പള്ളി സ്വദേശി ശിവലാലിനെ 12 വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായതാണ്. ഇനിയും കണ്ടത്തിയിട്ടില്ല.


രാത്രിയിൽ പുറത്തുപോകുമ്പോൾ ശ്രദ്ധിക്കണമെന്നും ആൾക്കൂട്ടത്തിൽ പോകരുതെന്നും  ബാങ്ക് തട്ടിപ്പുകേസിലെ പരാതിക്കാരായ സുരേഷും ഷാജൂട്ടനുംസ്പെഷ്യൽ ബ്രാഞ്ച് നിർദേശം നൽകിയതായാണ് വിവരം. വീടുകളിൽ പോലീസിന്റെ നിരീക്ഷണം ഉണ്ടെന്നും പറയുന്നു.

ആദ്യം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയപ്പോൾ ബാങ്കിന്റെ ഭരണസമിതിയിൽ ഉള്ളവരും ജീവനക്കാരുമായിരുന്നു പ്രതികളായിരുന്നത്. എന്നാൽ ഇ.ഡിയിലേക്ക് അന്വേഷണം മാറിയപ്പോൾ മുൻ മന്ത്രി എ.സി. മൊയ്തീൻ അടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തിലേക്ക് അന്വേഷണം എത്തി. ഈ ഘട്ടത്തിലാണ് തങ്ങൾക്ക് ഭീഷണി വീണ്ടും ഉണ്ടായി എന്ന് പരാതിക്കാരായ സുരേഷും ഷാജൂട്ടനും പറയുന്നു.

ഇ.ഡി. അറസ്റ്റിലായ രണ്ടു പ്രതികളുടേയും സംശയത്തിന്റെ നിഴലിലുള്ള ഒരു സാക്ഷിയുടേയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെങ്കിലും പണമൊന്നും സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടാനായില്ല.രണ്ടു വര്‍ഷമായി നിക്ഷേപകര്‍ ആറുമാസത്തിലൊരിക്കല്‍ പതിനായിരം രൂപ കിട്ടുന്നതും കാത്തിരിക്കേണ്ട അവസ്ഥയിലാണ്.

 നിജസ്ഥിതി അറിയണമെങ്കിൽ സി.ബി.െഎ. അന്വേഷണം വേണ്ടിവരും. കരുവന്നൂർ തട്ടിപ്പിൽ സി.ബി.െഎ. അന്വേഷണം ആവശ്യപ്പെട്ട് ആദ്യപരാതിക്കാരനായ എം.വി. സുരേഷ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോപണവിധേയമായ എല്ലാ ബാങ്കുകളിലേയും കൈക്കൂലി ഉൾപ്പടെയുള്ള അഴിമതികളും ദുരൂഹമരണവും കാണാതാകലും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്.

 

 അന്വേഷണം കൂടുതൽ ബാങ്കുകളിലേക്ക് നീങ്ങിയപ്പോൾ  കൈക്കൂലിയും ദുരൂഹമരണങ്ങളും വ്യക്തമായതോടെ അന്വേഷണത്തിന് സി.ബി.െഎ. എത്താൻ സാധ്യതയേറി. ഇ.ഡി.ക്ക് കൈകടത്താനാകാത്ത മേഖലയാണ് കൈക്കൂലിയും ദൂരുഹമരണങ്ങളും.

വായ്പയുടെയും കള്ളപ്പണ ഇടപാടിന്റെയും നിശ്ചിത ശതമാനമാണ് കൈക്കൂലി വാങ്ങിയിരുന്നത്. ഒരു ബാങ്കിൽ ഭരണസമിതിയിലെ പ്രമുഖൻ ഒാരോ വായ്പയ്ക്കും 50,000 മുതൽ രണ്ടുലക്ഷം വരെ കൈക്കൂലി വാങ്ങിയതായി കണ്ടെത്തി. ഇൗ പണം അനധികൃതമായി സമ്പാദിച്ചതിനുമാത്രമേ ഇ.ഡി.ക്ക് കേസെടുക്കാനാകൂ. കൈക്കൂലി വാങ്ങിയതിന് നടപടിയെടുക്കാനാകില്ല. മിക്ക ബാങ്കുകളിലും ഉന്നത ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങിയത് കണ്ടെത്തിയിട്ടുണ്ട്.