തൃശ്ശൂർ : സി പി എം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കളളപ്പണക്കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് (ഇ ഡി) നിര്‍ണായക നീക്കം നടത്തി. സിപിഎമ്മിന്റെ സ്ഥലമടക്കം 29.5 കോടിയുടെ സ്വത്തുക്കൾ കൂടി അവർ കണ്ടുകെട്ടി.
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്‍റെ പേരിലുളള പൊറത്തുശേരി പാർട്ടി കമ്മിറ്റി ഓഫീസിന്‍റെ സ്ഥലവും സിപിഎമ്മിന്റെ 76 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടും.സിപിഎമ്മിനെക്കൂടി പ്രതി ചേർത്താണ് ഈ നടപടി. ബാങ്കിൽ നിന്നും തട്ടിയെടുത്ത പണം പാർട്ടി കൈപ്പറ്റിയെന്ന് ഇ ഡി ആരോപിക്കുന്നു.
പ്രതിചേർക്കപ്പെട്ട മറ്റ് വ്യക്തികൾ അനധികൃതമായി ബാങ്കിൽ നിന്നും പണം സമ്പാദിച്ചവരാണ്. രണ്ടാംഘട്ട കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പാണ് ഇപ്പോഴത്തെ നടപടി. അതേസമയം, സ്വത്ത് മരവിപ്പിച്ചതായുള്ള ഒരു അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി വർഗീസ് പ്രതികരിച്ചു.