ബംഗളൂരു: മൈസൂരു ഭൂമി കുംഭകോണക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രൊസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണരുടെ നടപടിക്ക് പിന്നാലെ സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് ബി ജെ പി പ്രക്ഷോഭം തുടങ്ങുന്നു.
വിധാനസൗധയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ബിജെപി – ജെഡിഎസ് എംഎൽഎമാർ പ്രതിഷേധിക്കും. അതേസമയം, പി സി സി പ്രസിഡൻ്റും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ്
സംസ്ഥാന വ്യാപകമായി ഗവർണർ വിരുദ്ധ പ്രതിഷേധ റാലികൾ നടത്തും.
മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കുരുക്ക് മുറുകുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ സിദ്ധരാമയ്യക്കെതിരെ ഹർജി വരൂന്നുണ്ട്. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുന്ന ഗവർണറുടെ ഉത്തരവ് പരാതിക്കാരന്‍ ഹാജരാക്കും.
അതിനിടെ, തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിക്കും. ഹർജി കെപിസിസി ലീഗൽ സെൽ തയ്യാറാക്കി.വാദത്തിനായി കപിൽ സിബലോ മനു അഭിഷേക് സിംഗ്‍വിയോ എത്തിയേക്കും.
പല സംസ്ഥാനങ്ങളിലും പരീക്ഷിച്ചത് ഇവിടെയും പരീക്ഷിക്കുന്നു എന്നാണ് ഗവർണറുടെ നടപടിയെപ്പറ്റി സിദ്ധരാമയ്യയുടെ വാദം. ബിജെപി നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.