തിരുവനന്തപുരം: സ്വകാര്യ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നാലു ദീർഘകാല കരാറുകൾ പുനഃസ്ഥാപിക്കാൻ മന്ത്രിസഭാ തീരുമാനം. ക്രമക്കേട് കണ്ടെത്തി ഇവ റദ്ദാക്കിയ ഉത്തരവ് പുനഃപരിശോധിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മിഷന് നിർദ്ദേശം നൽകും. അടിയന്തര സാഹചര്യങ്ങളിൽ ഇതിനുള്ള അധികാരം നൽകുന്ന കേന്ദ്ര വൈദ്യുതി നിയമത്തിലെ 108-ാം വകുപ്പ് പ്രകാരമാണ് ഇടപെടൽ.
കാലവർഷത്തിൽ ഡാമുകളിലേക്ക് ആവശ്യമായ ജലം ലഭിക്കാതെ വരുകയും വൈദ്യുതി കമ്മി നേരിടുകയും ചെയ്ത പശ്ചാത്തലത്തിലാണിത്. കെ.എസ്.ഇ.ബിയുടെ ആവശ്യം പരിഗണിച്ച് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള സമിതി ഇതിനായി ശുപാർശ സമർപ്പിച്ചിരുന്നു.
എന്നാൽ, ക്രമക്കേട് കണ്ടെത്തുകയും കാര്യകാരണ സഹിതം റദ്ദാക്കുകയും ചെയ്ത കരാർ സാധൂകരിക്കാൻ റെഗുലേറ്ററി കമ്മിഷൻ തയ്യാറാകുമോയെന്ന് കണ്ടറിയണം. 2006ലും 2017ലും സർക്കാർ നിർദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അത് താരിഫ് നിർണയവുമായി ബന്ധപ്പെട്ടായിരുന്നു. ജാബുവ പവർ ലിമിറ്റഡിൽ നിന്നും ജിൻഡാൽ ഇന്ത്യ തെർമൽ പവറിൽ നിന്നും മൊത്തം
465മെഗാവാട്ട് വൈദ്യുതി പ്രതിദിനം 25 വർഷത്തേക്ക് വാങ്ങാനുള്ള കരാറുകൾ മേയ് 10നാണ് റദ്ദാക്കിയത്. ഒരേ സമയം രണ്ടു കരാറിലൂടെ ഒരു കമ്പനിക്കുതന്നെ വ്യത്യസ്ത നിരക്ക് നിശ്ചയിച്ചതാണ് മുഖ്യക്രമക്കേട്.
കമ്മിഷൻ ഉത്തരവിനെതിരെ കേന്ദ്ര അപ്പലൈറ്റ് ട്രൈബ്യൂണലിൽ കെ.എസ്. ഇ.ബി നൽകിയ അപ്പീലിൽ സർക്കാർ കക്ഷി ചേരണം എന്ന നിർദേശവും മന്ത്രിസഭ പരിഗണിച്ചു. തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ നിർദേശിച്ച സാഹചര്യത്തിൽ അപ്പീൽ പിൻവലിക്കാൻ ബോർഡിനു കഴിയും. കരാർ പുനഃസ്ഥാപിക്കാൻ സുപ്രീംകോടതിയെ സമീപിക്കാമെന്നായിരുന്നു മൂന്നാം നിർദേശം. കേസ് നീണ്ടു പോകുമെന്നതിനാൽ അതും തള്ളി.