കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ അറസ്റ്റിലായ സി.പി.എം നേതാവ് പി.ആർ. അരവിന്ദാക്ഷനെയും ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസിനെയും എറണാകുളം സബ് ജയിലിലേക്ക് തിരികെ എത്തിക്കാൻ കോടതി ഉത്തരവിട്ടു. കാക്കനാട്ടെ ജില്ലാജയിലിലേക്ക് ഇവരെ മാറ്റിയതിന് ജയിൽ അധികൃതർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് എറണാകുളത്തെ പ്രത്യേക കോടതി വിലയിരുത്തി. ഇ.ഡി നൽകിയ പരാതിയിലാണ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന കോടതിയുടെ ഉത്തരവ്.
അരവിന്ദാക്ഷനെയും ജിൽസിനെയും എറണാകുളം സബ് ജയിലിലേക്കാണ് റിമാൻഡ് ചെയ്തിരുന്നത്. ഇ.ഡിയുടെയോ കോടതിയുടെയോ അനുമതിയില്ലാതെ ഇവരെ കാക്കനാട് ജില്ലാജയിലിലേക്ക് മാറ്റി. കേസിലെ ഒന്നാം പ്രതി പി. സതീഷ് കുമാർ ഈ ജയിലിലാണ് കഴിയുന്നത്. മൂവരും തമ്മിൽ കൂടിക്കാഴ്ച നടത്താൻ ഈ മാറ്റം ഇടയാക്കുമെന്നും കേസന്വേഷണത്തെ ഇതു ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഇ.ഡി ഇതിനെതിരെ കോടതിയെ സമീപിച്ചത്. പ്രതികൾ തമ്മിൽ കൂടിയാലോചന നടത്തുന്നത് ഒഴിവാക്കാനാണ് ഇവരെ പല ജയിലുകളിലേക്ക് മാറ്റിയതെന്ന് ഇ.ഡി വിശദീകരിച്ചു.
സബ് ജയിലിൽ പ്രതികളുടെ എണ്ണം കൂടുതലായതിനാലാണ് ഇവരെ മാറ്റിയതെന്നും 60 പേരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ 110 പേരുണ്ടെന്നും ജയിൽ അധികൃതർ വിശദീകരിച്ചു. കോടതിയുടെ അനുമതിയില്ലാതെ ഇവരെ മാറ്റിയതെന്തിനെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ജയിൽ അധികൃതർക്കുണ്ടായില്ല. തുടർന്നാണ് ഇരുവരെയും സബ് ജയിലിലേക്ക് തിരിച്ചുകൊണ്ടുപോകാൻ കോടതി ഉത്തരവിട്ടത്.