ന്യൂഡൽഹി : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ രാഷ്ട്രപതിയുടെ നടപടി സുപ്രീംകോടതി ശരിവെച്ചു. ഇതോടെ ഇക്കാര്യത്തിൽ കടൂത്ത വിമർശനം കേട്ട കേന്ദ്ര സർക്കാരിനു ആശ്വാസമായി.
പ്രത്യേക പരമാധികാരം ഇല്ലെന്നും 370 അനുച്ഛേദം താൽകാലികമായിരുന്നുവെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചു.എത്രയും വേഗം സംസ്ഥാന പദവി തിരികെ നൽകി തെരഞ്ഞെടുപ്പ് നടത്താനും കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.
രണ്ട് ഉത്തരവുകളിലൂടെയാണ് രാഷ്ട്രപതി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ആദ്യം 370 അനുച്ഛേദത്തിൽ ഭേദഗതി വരുത്തി ഭരണഘടന നിർമ്മാണ സഭയ്ക്ക് പകരം നിയമസഭയ്ക്ക് ശുപാർശ നൽകാമെന്ന് ആക്കിയിരുന്നു. ഈ മാറ്റം നിലനിൽക്കുന്നതല്ലെന്ന് കോടതി വിധിച്ചു.
ഭേദഗതി വരുത്തിയതിൽ അപാകതയുണ്ടെന്ന് കോടതി വ്യക്തമാക്കിയെങ്കിലും കേന്ദ്രസർക്കാർ തീരുമാനത്തെ ഇത് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. പ്രത്യേക പദവി എടുത്തുകളഞ്ഞ രണ്ടാമത്തെ രാഷ്ട്രപതിയുടെ വിജ്ഞാപനം നിലനിൽക്കുമെന്നും കോടതി പറഞ്ഞു.
ജമ്മു കശ്മീർ ഇന്ത്യയോട് ചേർന്നപ്പോൾ പരമാധികാരവും അടിയറവ് വെച്ചിരുന്നു. മറ്റു സംസ്ഥാനങ്ങൾക്കുള്ള അധികാരമേ ജമ്മു കശ്മീരിനുള്ളൂ. 370 അനുച്ഛേദം താൽകാലികം മാത്രമാണ്. കശ്മീരിനെ രാജ്യത്തോട് കൂട്ടിച്ചേർക്കാനുള്ള നടപടികളുടെ തുടർച്ചമാത്രമാണ് 370 അനുച്ഛേദം എടുത്ത കളഞ്ഞനീക്കമെന്നും കോടതി നിരീക്ഷിച്ചു.
സംസ്ഥാനത്ത് നിയമസഭ ഇല്ലാത്തതിനാൽ രാഷ്ട്രപതിക്കും പാർലമെന്റിനും ഇക്കാര്യത്തിൽ അധികാരമുണ്ടെന്നും കോടതി വിധിച്ചു. ജമ്മു കശ്മീരിനെ രണ്ടാക്കിയ നടപടിയും ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതും കോടതി അംഗീകരിച്ചു.
കൂടാതെ അടുത്ത വർഷം സെപ്തംബർ മുപ്പതിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിർദ്ദേശം നൽകി. കശ്മീരിന്റെ മുറിവ് ഉണക്കമെന്നും ഇരുഭാഗത്ത് നിന്നുള്ള മനുഷ്യാവകാശലംഘനങ്ങൾ അന്വേഷിക്കാൻ കമ്മീഷനെ വെക്കണമെന്നും നിർദ്ദേശം ജസ്റ്റിസ് എസ് കെ കൗളിന്റെ വിധിയിലുണ്ട്.