ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ അട്ടിമറിച്ച് ജമ്മു കശ്മീരിലെയും ഹരിയാനയിലെയും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നു. ഹരിയാനയില്‍ ബിജെപി ഹാട്രിക് ജയം നേടിയപ്പോള്‍ ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യം ആധിപത്യമുറപ്പിച്ചു.
ജമ്മു കശ്മീരിൽ ഒമർ അബ്ദുല്ല മുഖ്യമന്ത്രിയാകുമെന്ന് നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫറൂഖ് അബ്‌ദുല്ല പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെ ഫലം പുറത്തു വരുമ്ബോള്‍ ഹരിയാനയില്‍ ബിജെപി 48 സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ് 37 സീറ്റുകളില്‍ ഒതുങ്ങി. ഐഎന്‍എല്‍ഡി രണ്ടും മറ്റുള്ളവര്‍ 3 സീറ്റിലും വിജയിച്ചു. ബിജെപി റീ കൗണ്ടിങ്‌ആവശ്യപ്പെട്ട റോത്തഗ് മണ്ഡലത്തില്‍ മാത്രമാണ് ഫലം വൈകുന്നത്.
ജമ്മു കശ്മീരില്‍ 90 അംഗ നിയമസഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യം 48 സീറ്റുകളില്‍ വിജയിച്ചു. ബിജെപിക്ക് 29 സീറ്റില്‍ മാത്രമെ വിജയിക്കാനായുള്ളു. കോണ്‍ഗ്രസ്- 6, ജെകെപിഡിപി-3, ജെപിസി-1, സിപിഎം-1, എഎപി-1, മറ്റുള്ളവര്‍- 7 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
ജമ്മു കശ്മീരില്‍ . ജമ്മുമേഖലയിലെ സീറ്റുകളില്‍ കൂടി വിജയിച്ചാണ് നാഷണല്‍ കോണ്‍ഫറന്‍സ് വ്യക്തമായ ആധിപത്യം നേടിയത്. ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായി. ജമാ അത്തെ ഇസ്ലാമിയും, എഞ്ചിനിയര്‍ റഷീദിന്‍റെ പാര്‍ട്ടിയും മത്സരത്തില്‍ തകര്‍ന്നടിഞ്ഞു.
തൂക്ക് സഭക്ക് സാധ്യതയോ എന്ന ആകാംക്ഷക്കിടെയാണ് നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അനായാസേന ജയിച്ചു കയറിയത്. നാഷണല്‍ കോണ്‍ഫറന്‍സ് നേടിയ തകര്‍പ്പന്‍ ജയത്തിന്‍റെ ക്രെഡിറ്റില്‍ കോണ്‍ഗ്രസിനും ആശ്വസിക്കാം. കശ്മീര്‍ മേഖലയിലെ 47 സീറ്റില്‍ ഭൂരിപക്ഷവും നാഷണല്‍ കോണ്‍ഫറന്‍സ് തൂത്ത് വാരി.
കശ്മീര്‍ താഴ്വരയില്‍ ജനങ്ങള്‍ ഫറൂക്ക് അബ്ദുള്ളയുടെയും ഒമര്‍ അബ്ദുള്ളയുടെയും നേതൃത്വത്തോടാണ് വിശ്വാസം കാട്ടിയത്. മത്സരിച്ച 57ല്‍ 42 സീറ്റുകള്‍ നേടി നാഷണല്‍ കോണ്‍ഫറന്‍സ് തരംഗമായി മാറുകയായിരുന്നു. മത്സരിച്ച രണ്ട് സീറ്റുകളിലും ഒമര്‍ അബ്ദുള്ള വിജയിച്ചു. ഇന്ത്യ സഖ്യത്തില്‍ 32 സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കിയെങ്കില്‍ വിജയിക്കാനായത് 6 ഇടത്ത് മാത്രമാണ്.
ഹരിയാനയിൽ ആദ്യ ഘട്ടത്തിൽ മുന്നേറിയ കോൺഗ്രസ് വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ പിറക പോയത് പാർട്ടി നേതാക്കളെ ഞെട്ടിച്ചു. ജാട്ട് സമുദായത്തിന് മുൻതൂക്കമുള്ള മേഖലകളിലടക്കം അട്ടിമറി മുന്നേറ്റം നടത്തിയ ബിജെപി 49 സീറ്റുകളുമായി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റ് നിലയിലെത്തി. അതേസമയം ദുഷ്യന്ത് ചൗതാലയുടെ ജെജെപി തകർന്നടിഞ്ഞു. ഐഎൻഎൽഡി ഒരു സീറ്റിൽ ഒതുങ്ങി. കോൺഗ്രസിന് 36 സീറ്റാണ് നേടാനായത്.
ഹരിയാനയിൽ വോട്ടെണ്ണലിൻറെ ആദ്യ മണിക്കൂറിൽ ആഘോഷം കോൺഗ്രസിൻ്റെ കേന്ദ്രങ്ങളിലായിരുന്നു. എല്ലാ മാധ്യമങ്ങളും കോൺഗ്രസിന് 70ലധികം സീറ്റ് ലഭിക്കുമെന്നാണ് പ്രവചിച്ചത്. എന്നാൽ ഒമ്പതരയോടെ ഇത് മാറി മറിഞ്ഞു. വോട്ടിങ് മെഷീനുകളിലെ കണക്ക് വന്നു തുടങ്ങിയതോടെ കോൺഗ്രസ് പെട്ടെന്ന് താഴേക്ക് പോയി. ഇടയ്ക്ക് ഇഞ്ചാടിഞ്ചായെങ്കിലും പിന്നീട് ബിജെപി വ്യക്തമായ മേധാവിത്വം ഉറപ്പിച്ചു.
തെക്കൻ ഹരിയാനയും രാജസ്ഥാനുമായി ചേർന്നു കിടക്കുന്ന ആഹിർവാൾ മേഖലയും ബിജെപി തൂത്തു വാരി. ദില്ലിക്കു ചുറ്റും കിടക്കുന്ന പത്തിൽ എട്ടു സീറ്റിലും ബിജെപിയാണ് ജയിച്ചത്. യുപിയുമായി ചേർന്നു കിടക്കുന്നു ജാട്ട് സ്വാധീന മേഖലകളിൽ പകുതി സീറ്റുകളിൽ കോൺഗ്രസിനെ തോൽപിക്കാൻ ബിജെപിക്ക് സാധിച്ചത് അവരെ വൻ വിജയത്തിലേക്ക് നയിച്ചു.
പഞ്ചാബുമായി ചേർന്നു കിടക്കുന്ന ജാട്ട്-സിഖ് മേഖലകളിലും മധ്യ ഹരിയാനയിലുമാണ് കോൺഗ്രസിന് കൂടുതൽ സീറ്റുകൾ വിജയിക്കാനായത്. കോൺഗ്രസ് സഖ്യത്തിൽ മത്സരിച്ച സിപിഎമ്മിൻറെ ഓംപ്രകാശിന് ഭിവാനി സീറ്റീൽ ജയിക്കാനായില്ല. ദേവിലാലിൻറെ കുടുംബം നിയന്ത്രിക്കുന്ന രണ്ടു പാർട്ടികളിൽ ഐ.എൻ.എൽ.ഡി രണ്ടു സീറ്റുകളുമായി പിടിച്ചു നിന്നു. ദുഷ്യന്തിന് ഇത്തവണ കനത്ത തിരിച്ചടിയേറ്റു.
ഉച്ചാന കലാൻ സീറ്റിൽ ദുഷ്യന്ത് അഞ്ചാം സ്ഥാനത്തേക്ക് പോയി. ദുഷ്യന്തിൻറെ അനുജൻ ദ്വിഗ്വിജയ് ചൗതാലയും തോറ്റു. കോൺഗ്രസ് മുഖ്യമന്ത്രിമാരായ ഭജൻലാലിൻറെ ചെറുമകൻ ഭവ്യ ബിഷ്ണോയിയും ബൻസിലാലിൻറെ ചെറുമകൾ ശ്രുതി ചൗധരിയും ബിജെപി ടിക്കറ്റിൽ വിജയം കണ്ടു. രോതക് അടക്കമുള്ള ശക്തികേന്ദ്രങ്ങൾ നിലനിർത്തിയത് മാത്രമാണ് ഭുപീന്ദർ ഹൂഡയ്ക്ക് ആശ്വാസം.
ഒബിസി വിഭാഗത്തിൽ നിന്നുള്ള സൈനിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി ജാട്ട് ഇതര വോട്ടുകൾ സമാഹരിക്കാനുള്ള ബിജെപി നീക്കം വിജയിച്ചു എന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. പിന്നാക്ക ദളിത് വിഭാഗങ്ങളിലെ ഈ അടിയൊഴുക്ക് തിരിച്ചറിയാൻ കോൺഗ്രസിനും ഹുഡയ്ക്കുമായില്ല. അധികാരത്തിലെത്തിയ ഉടൻ സ്ത്രീകൾക്ക് അടക്കം പ്രഖ്യാപിച്ച ക്ഷേമപദ്ധതികളും നായബ് സിംഗ് സൈനിയെ സഹായിച്ചിരിക്കുന്നു.