ന്യുഡൽഹി: ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. 2019 ഓഗസ്റ്റിൽ സംസ്ഥാനത്തിൻ്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായി 2018 നവംബറിൽ നിയമസഭ പിരിച്ചുവിട്ടിരുന്നു. സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു.
ഓഗസ്റ്റ് 19 ന് സമാപിക്കുന്ന അമർനാഥ് യാത്രയ്ക്ക് ശേഷം തിരഞ്ഞെടുപ്പ് തീയത് തീരുമാനിച്ചേക്കും എന്നാണ് സൂചന. തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ ബിജെപി ദേശീയ നേതൃത്വം സംസ്ഥാന ബിജെപി നേതാക്കളോട് നിർദ്ദേശിച്ചതാണ് തിരഞ്ഞെടുപ്പ് അടുത്തെത്തി എന്ന ധാരണ ശക്തിപ്പെടുത്തുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവർ പങ്കെടുത്ത ദേശീയ നേതൃത്വ യോഗം സംസ്ഥാനത്തെ 90 സീറ്റുകളിലും പാർട്ടി മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു പാർട്ടിയുമായും ബിജെപി തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യത്തിലേർപ്പെടില്ല.
എന്നിരുന്നാലും, “സമാന ചിന്താഗതിയുള്ള പാർട്ടികളുമായി” സീറ്റ് ക്രമീകരണങ്ങളും “തിരഞ്ഞെടുപ്പ് ധാരണകളും” ഉണ്ടായേക്കാം. തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാൻ പാർട്ടി ഉദ്ദേശിക്കുന്നില്ല.
നിലവിൽ രവീന്ദർ റെയ്‌നയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ബിജെപി ഘടകത്തിൽ നേതൃത്വത്തിലോ സംഘടനാ പുനഃസംഘടനയിലോ മാറ്റങ്ങളുണ്ടാകില്ലെന്ന് പാർടി വൃത്തങ്ങൾ അറിയിച്ചു.