April 23, 2025 4:34 am

ജമ്മു കശ്മീരിലെ സ്‌കൂളുകളില്‍ ഇനി ജനഗണമന… പാടണം

ശ്രീനഗർ : കുട്ടികളില്‍ ദേശീയ ബോധം ഉണർത്താനും അവരില്‍ ഐക്യവും അച്ചടക്കവും വളര്‍ത്താനും, ജമ്മു കശ്മീരിലെ സ്‌കൂളുകളില്‍ രാവിലെ ദേശീയ ഗാനത്തോടെ അസംബ്ലി നടത്തുന്നത് നിര്‍ബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

20 മിനിറ്റ് ദൈര്‍ഘ്യമുള്ള അസംബ്ലി എല്ലാ സ്‌കൂളുകളിലും സംഘടിപ്പിക്കണം.ഔദ്യോഗിക പരിപാടികളില്‍ ദേശീയ ഗാനം ആലപിക്കുന്നത് പരക്കെ അംഗീകരിക്കപ്പെട്ടതാണ്.എന്നാല്‍ ഇതാദ്യമായാണ് ജമ്മു കശ്മീരിലെ സ്‌കൂളുകളില്‍ രാവിലെ ദേശീയ ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെടുന്നത്.

കുട്ടികളില്‍ വിവിധ കഴിവുകളും, നേതൃഗുണവും വളര്‍ത്തിയെടുക്കാനാവശ്യമായ ബോധവല്‍ക്കരണവും പ്രചോദനപരമായ പ്രഭാഷണങ്ങളും സ്‌കൂള്‍ അധികൃതര്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. വിദ്യാര്‍ത്ഥികളും അധ്യാപകരും ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെപ്പറ്റിയും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

സ്വാതന്ത്ര്യ സമര സേനാനികള്‍ മറ്റ് പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവരുടെ ആത്മകഥകള്‍, ആരോഗ്യം, സാംസ്‌കാരികം എന്നീ വിഷയങ്ങളെപ്പറ്റി ചര്‍ച്ചകള്‍ സംഘടിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഈ വിഷയങ്ങളില്‍ കുട്ടികളോട് സംസാരിക്കാന്‍ കഴിവുള്ള വിദഗ്ധരെ സ്‌കൂളിലേക്ക് ക്ഷണിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

എന്നാല്‍ പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഈ ഉത്തരവിലൂടെ ലക്ഷ്യമിടുന്നതെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി. സ്‌കൂളുകളെ ബിജെപി സര്‍ക്കാര്‍ തങ്ങളുടെ രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കുകയാണെന്നും അവര്‍ പറഞ്ഞു.

72 മണിക്കൂറിനുള്ളില 4 ഭീകരാക്രമണങ്ങളാണ് ഇവിടെ നടന്നത്.അതിനിടയിലും എല്ലാം സാധാരണ നിലയിലാണെന്ന് കാണിക്കാനുള്ള ശ്രമമാണ് ബിജെപി സര്‍ക്കാരിന്‍റേതെന്നും അവര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News