ന്യൂഡൽഹി: പാകിസ്ഥാൻ സർക്കാരിൻ്റെ പിന്തുണയോടെ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗമായ ഇസ്ലാമി ഛാത്ര ശിബിർ (ഐസിഎസ്) ആണ് ബംഗ്ലാദേശ് പ്രക്ഷോഭത്തിന് പിന്നിൽ എന്ന സംശയം ശക്തിപ്പെടുന്നു.
ഈ സംഘടനയ്ക്ക് പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ ഒത്താശ ഉണ്ടെന്നും ആരോപണമുണ്ട്.ഇന്ത്യാവിരുദ്ധ നിലപാടിന്റെ പേരിൽ കുപ്രസിദ്ധരാണ് ജമാ അത്തെ ഇസ്‌ലാമി.
ഇതിനിടെ, കലാപം തുടരുന്ന ബംഗ്ലാദേശില്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദിന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്കുള്ളില്‍ പാര്‍ലമെന്റ് പിരിച്ചു വിടണമെന്ന് വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
കലാപത്തിനു പിന്നിൽ വിദേശകരങ്ങളുണ്ടോയെന്ന സംശയം സർക്കാർ വിളിച്ചുകൂട്ടിയ സർവകക്ഷിയോഗത്തിൽ ഉന്നയിച്ച് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ചു. പാക്കിസ്ഥാന് പങ്കുണ്ടോയെന്നതായിരുന്നു അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങളിലൊന്ന്. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ മറുപടി നൽകി.
ബംഗ്ലദേശിൽ പെട്ടെന്ന് സാഹചര്യം മാറിമറിഞ്ഞതിനു പിന്നാലെ പാക്കിസ്ഥാന്റെ കരങ്ങൾ ഉണ്ടെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഐഎസ്ഐയ്ക്കും ചൈനയ്ക്കും ഷെയ്ഖ് ഹസീന വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കുണ്ടെന്ന് ഇന്റലിജൻസ് വൃത്തങ്ങളും സംശയിക്കുന്നുണ്ട്.
ബംഗ്ലദേശിൽ ജമാ അത്തെ ഇസ്‌ലാമിയുടെ വിദ്യാർഥി സംഘടനയായ ഇസ്‌ലാമി ഛാത്ര ശിബിർ ആണ് സംവരണ വിരുദ്ധ പ്രക്ഷോഭത്തെ സർക്കാർ വിരുദ്ധ പ്രക്ഷോഭമാക്കി വഴിമാറ്റി വിട്ടതെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. ഇന്ത്യ അനുകൂല നിലപാട് സ്വീകരിച്ചിരുന്ന ഷെയ്ഖ് ഹസീനയെ പുറത്താക്കി പാക്ക്–ചൈന ചായ്‌വ് പുലർത്തുന്ന ഭരണകൂടത്തെ പ്രതിഷ്ഠിക്കാനാണ് ഇതെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഇസ്ലാമി ഛാത്ര ഷിബിറിൽ ഉൾപ്പെട്ട വിദ്യാർഥികൾ വിവിധ സർവകലാശാലകളിൽ പ്രവേശനം നേടിയിട്ടുണ്ട്. ബംഗ്ലാദേശിലെ ധാക്ക യൂണിവേഴ്സിറ്റി, ചിറ്റഗോംഗ് യൂണിവേഴ്സിറ്റി, ജഹാംഗീർ യൂണിവേഴ്സിറ്റി, സിൽഹെറ്റ് യൂണിവേഴ്സിറ്റി, രാജ്ഷാഹി യൂണിവേഴ്സിറ്റി എന്നിവയാണ് ഇസ്ലാമി ഛാത്ര ഷിബിറിൻ്റെ പ്രധാന കേന്ദ്രങ്ങൾ.
കഴിഞ്ഞ മൂന്ന് വർഷമായി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥി സംഘടനകൾ ഇസ്ലാമി ഛാത്ര ഷിബിറിൻ്റെ പിന്തുണയോടെയാണ് വിജയിച്ചത്. സർവകലാശാല വിദ്യാർഥികളെ പ്രകോപനത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഇവരുടെ ഭാഗത്ത് നിന്നും നിരന്തരമായി ഉണ്ടായിട്ടുള്ളതായി പറയുന്നു.
ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ പതനത്തിലേക്ക് നയിച്ചതും 300-ലധികം പേർ മരിച്ചതുമായ ബംഗ്ലാദേശ് പ്രക്ഷോഭത്തിൻ്റെ നിയന്ത്രണ ഇവർക്കാണെന്ന് വിവിധ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികൾ കരുതുന്നു.പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടയിൽ ഷെയ്ഖ് ഹസീനയും ഈ ആരോപണം ഉന്നയിച്ചിരുന്നു
സർക്കാർ ജോലികൾക്കുള്ള വിവാദ ക്വാട്ട സമ്പ്രദായത്തിനെതിരെ കഴിഞ്ഞ രണ്ട് മാസമായി ബംഗ്ലാദേശിന്റെ തെരുവിലിറങ്ങിയ പ്രതിഷേധക്കാരിൽ സർവകലാശാല വിദ്യാർഥികൾ മാത്രമാണ് ഉണ്ടായിരുന്നത്. കൂടാതെ ഈ സംഘടനയുടെ നിരവധി കേഡർമാർ പാകിസ്താനിലേക്ക് യാത്ര ചെയ്തിട്ടുള്ളതായും ബംഗ്ലാദേശ് സർക്കാർ വൃത്തങ്ങൾ പറയുന്നു.
വിദ്യാർഥികളുടെ വ്യാജ ഡിപികൾ ഉപയോഗിച്ചാണ് ഐഎസ്ഐ അംഗങ്ങൾ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ ചേർന്നതെന്നും ഇവർ വിദ്യാർത്ഥികളെ സോഷ്യൽ മീഡിയയിൽ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നും വൃത്തങ്ങൾ പറഞ്ഞു. ഇസ്ലാമി ഛാത്ര ഷിബിറിലെ വിദ്യാർഥികൾ ഐഎസ്ഐയുടെ പിടിയിൽ പൂർണ്ണമായും കുടുങ്ങിയെന്നും സംഘടനയുടെ നിലനിൽപ്പ് തന്നെ അപ്രസക്തമാണെന്നും ഇവർ പറയുന്നുണ്ട്.
ബംഗ്ലാദേശ് ഭീകരവാദ സംഘടനയായ ജമാഅത്തുൽ മുജാഹിദീനിലെ അംഗങ്ങൾ എന്ന നിലയിൽ ഇന്ത്യയിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട മിക്ക ഭീകരർക്കും മുൻകാലങ്ങളിൽ ഇസ്ലാമി ഛാത്ര ഷിബിറുമായി ബന്ധമുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. നൂറുൽ ഇസ്ലാം, ബുൾബുൾ മുഹമ്മദ്, നജ്റുൽ ഇസ്ലാം, കമാൽ അഹമ്മദ് സിക്ദർ എന്നിവരാണ് ഈ സംഘടനയുടെ പ്രധാന നേതാക്കൾ.