ന്യൂഡൽഹി: അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാൻ ഇസ്രയേലിനെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷാവസ്ഥ വഷളാവും എന്നാണ് അമേരിക്കയുടെ നിരീക്ഷണം. ഇതിൻ്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളിലേക്കും യാത്രചെയ്യുന്ന പൗരന്മാർക്ക് ഇന്ത്യയും അമേരിക്കയും മുന്നറിയിപ്പ് നൽകി.
ഇറാൻ ആക്രമണമഴിച്ചുവിടുകയാണെങ്കിൽ അതൊരു തുറന്ന യുദ്ധത്തിന് വഴിവെക്കുകയും പശ്ചിമേഷ്യ വീണ്ടും ചോരക്കളമാവുകയും ചെയ്യും.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യക്കാർ ഇറാനിലേക്കോ ഇസ്രയേലിലേക്കോ യാത്ര ചെയ്യരുതെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു.
ഇറാനിലോ ഇസ്രയേലിലോ താമസിക്കുന്ന എല്ലാവരും അവിടെയുള്ള ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടണം. പരമാവധി മുൻകരുതലുകൾ സ്വീകരിക്കുകയും വേണമെന്ന് സർക്കാർ അറിയിച്ചു.
ഇസ്രയേൽ മണ്ണിൽ ഇറാൻ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് റിപ്പോർട്ട് ചെയ്തത്. നേരത്തെ അമേരിക്കയെ കേന്ദ്രീകരിച്ച് ആക്രമണം ഉണ്ടായേക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിന്ർ നെതന്യാഹു ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
ഏപ്രിൽ ഒന്നിന് സിറിയയിലെ ഇറാൻ നയതന്ത്ര സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായിട്ടായിരിക്കും ആക്രമണമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി ഇറാനോ ഇസ്രയേലോ സ്ഥിരീകരിച്ചിട്ടില്ല.
എംബസിക്കു സമീപമുണ്ടായ ആക്രമണത്തിൽ ഇറാനിയൻ ഖുദ്സ് ഫോഴ്സ് കമാൻഡർ ജെനറൽ മുഹമ്മദ് റെസ സഹേദി കൊല്ലപ്പെട്ടിരുന്നു. 2020ൽ ഖുദ്സ് ഫോഴ്സ് കമാൻഡർ മേജർ ജനറൽ ഖാസിം സുലൈമാനി അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം കൊല്ലപ്പെടുന്ന ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനാണ് റെസ സഹേദി.