ന്യുയോർക്ക് : ഗാസയില്‍ യുദ്ധം തുടരുമെന്ന് ഇസ്രായേൽ യു.എന്‍. പൊതുസഭയിൽ പ്രഖ്യാപിച്ചു. വെടിനിര്‍ത്തല്‍വേണമെന്ന യു.എന്‍. പൊതുസഭയിലെ 120 അംഗങ്ങളുടെ ആവശ്യം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളി.
തിങ്കളാഴ്ച രാത്രിമുഴുവന്‍ വടക്കന്‍ ഗാസയില്‍ കരസേനയും വ്യോമസേനയും സംയുക്തമായാണ് ആക്രമണം നടത്തി. ഹമാസിന്റെ 300 കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. .
വിദേശമാധ്യമങ്ങളുമായി സംവദിക്കുമ്പോഴാണ് വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന് നെതന്യാഹു തീര്‍ത്തുപറഞ്ഞത്. പേള്‍ ഹാര്‍ബറില്‍ ബോംബിട്ടപ്പോഴും ലോകവ്യാപാരസമുച്ചയം ഭീകരര്‍ ആക്രമിച്ചപ്പോഴും അമേരിക്ക വെടിനിര്‍ത്തലിനു തയ്യാറാകാത്തതുപോലെ ഇസ്രയേലും ഇപ്പോള്‍ അതിനു തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു.
”സമാധാനത്തിന് ഒരുകാലം, യുദ്ധത്തിന് ഒരുകാലം എന്ന് ബൈബിള്‍ പറയുന്നുണ്ട്. ഇത് യുദ്ധത്തിനുള്ള കാലമാണ്” -നെതന്യാഹു പറഞ്ഞു. ഒക്ടോബര്‍ ഏഴിന് ഹമാസ് 1400 ഇസ്രയേല്‍കാരെ വധിച്ചതിനു പിന്നാലെയാണ് ഗാസയില്‍ യുദ്ധം തുടങ്ങിയത്.
കരയുദ്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാന നഗരമായ ഗാസ സിറ്റി ഇസ്രയേല്‍ ടാങ്കുകള്‍ വളഞ്ഞു. ഹമാസിന്റെ പിടിയില്‍നിന്ന് ഇസ്രയേല്‍ കഴിഞ്ഞദിവസം മോചിപ്പിച്ച 19 വയസ്സുള്ള പട്ടാളക്കാരി ഒറി മെഗിദിഷ് ഭാവി ആക്രമണങ്ങള്‍ക്കു സഹായിക്കുന്ന വിവരങ്ങള്‍ നല്‍കിയെന്ന് സൈനികവക്താവ് ജൊനാഥാന്‍ കോര്‍ണിക്കസ് പറഞ്ഞു. ഗാസയിലുള്ള 238 ബന്ദികളെയും ഇസ്രയേല്‍ മോചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാഴ്ചകൊണ്ട് എട്ടുലക്ഷത്തോളംപേര്‍ വടക്കന്‍ ഗാസയില്‍നിന്ന് ഒഴിഞ്ഞുപോയെന്ന് കോര്‍ണിക്കസ് അവകാശപ്പെട്ടു. എന്നാല്‍, ഗാസ സിറ്റി ഉള്‍പ്പെടെയുള്ളിടങ്ങളില്‍ പതിനായിരങ്ങള്‍ ഇപ്പോഴുമുണ്ട്. ചൊവ്വാഴ്ചവരെ 8525 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 3542 പേരും കുട്ടികളാണ്.
മരിച്ചവരില്‍ 70 ശതമാനത്തോളം സ്ത്രീകളും കുട്ടികളുമാണെന്ന് പലസ്തീനില്‍ പ്രവര്‍ത്തിക്കുന്ന യു.എന്‍. ഏജന്‍സി പറഞ്ഞു. രണ്ടുദിവസത്തിനിടെ രണ്ട് ആശുപത്രികള്‍ക്ക് ഇസ്രയേല്‍ ആക്രമണത്തില്‍ നാശമുണ്ടായെന്നും ആംബുലന്‍സ് തകര്‍ന്നെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.