ബയ്റുത്ത്: ലെബനനിൽ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 492 കടന്നു. 1024 പേര്‍ക്ക് പരിക്കേറ്റു.
മരിച്ചവരില്‍ 21 പേര്‍ കുട്ടികളും 39 സ്ത്രീകളുമാണെന്നും ലെബനനിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, ആക്രമണം നിര്‍ത്തിവെക്കാന്‍ ഐക്യരാഷ്ടസഭ ആവശ്യപ്പെട്ടു.
ഹിസ്‌ബുള്ള ആയുധം സൂക്ഷിക്കുന്ന ഇടങ്ങളെന്ന പേരിലാണ് ലെബനനിലെ ബോംബ് വർഷം. 800-ലേറെ ഇടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തി. കഴിഞ്ഞ ഒരുവർഷത്തിനിടെ ഇരുസേനകളും തമ്മില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ ആക്രമണങ്ങള്‍ക്കാണ് പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുന്നത്.
തീരദേശനഗരമായ ടയറില്‍ ഇസ്രയേല്‍ ബോംബാക്രമണം തുടരുകയാണ് ബയ്റുത്തിലേക്ക് ആളുകള്‍ പലായനംചെയ്യുന്നതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു.തെക്കന്‍ ലെബനനില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്നവരെ മാറ്റിപ്പാര്‍പ്പിക്കാനായി സ്‌കൂളുകള്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ബയ്റുത്ത്, ട്രിപോളി, ദക്ഷിണ ലെബനന്‍, കിഴക്കന്‍ ലെബനന്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളാണ് സജ്ജീകരിക്കുന്നത്.
ഒക്ടോബർ ഏഴിന് ശേഷം, 11 മാസക്കാലമായി ഗാസയില്‍ നടത്തിയിരുന്നു ഏകപക്ഷീയ ആക്രമണങ്ങള്‍ക്ക് ശേഷമാണ് ഇസ്രയേല്‍ തങ്ങളുടെ വടക്കൻ അതിർത്തി മേഖലയിലേക്ക് ചുവടുമാറ്റുന്നത്. സാബത്ത് ആക്രമണം (ഹമാസ് ഇസ്രയേലില്‍ നടത്തിയത്) പിന്നാലെ ഗാസയിലേക്ക് കടന്നുകയറിയ ഇസ്രയേലിനെതിരെ ഹിസ്‌ബുള്ളയും രംഗത്തുവന്നിരുന്നു.
അതിന്റെ ഭാഗമായി നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ കാരണം എഴുപത്തിനായിരത്തോളം ഇസ്രയേലി പൗരന്മാരാണ് ജൂത രാഷ്ട്രത്തിന്റെ വടക്കൻ മേഖലകളില്‍നിന്ന് കുടിയിറങ്ങിയത്. ഇവരെ തിരികെ സുരക്ഷിരായി വീടുകളിലെത്തിക്കാനെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇസ്രയേലിന്റെ നിലവിലെ ലെബനൻ ആക്രമണം.
ലെബനനിലെ തങ്ങളുടെ ആക്രമണം കടുപ്പിക്കുകയാണെന്ന് ഇസ്രയേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അറിയിച്ചിരുന്നു. കഴിഞ്ഞദിവസം ഹിസ്‌ബുള്ള നടത്തിയ തിരിച്ചടിയില്‍ ഇസ്രയേലിലെ ഹൈഫ മേഖലയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു. നാലോളം പേർക്ക് പരുക്കേല്‍ക്കുകയും നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.
ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി ലെബനനില്‍ കഴിയുന്ന പൗരന്മാരോട് ഉടൻ ഒഴിയണമെന്ന് ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ പതിനേഴിനാണ് ലെബനനെതിരെ ഇസ്രയേല്‍ വ്യാപക ആക്രമണം ആരംഭിച്ചത്. ലെബനനിലെ പലയിടങ്ങളിലായി ഹിസ്‌ബുള്ള അംഗങ്ങളുടെ കൈവശമുണ്ടായിരുന്ന പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിച്ചിരുന്നു. തൊട്ടടുത്ത ദിവസം വാക്കി ടോക്കികള്‍ ഉപയോഗിച്ചും ആക്രമണമുണ്ടായി. ഏകദേശം 39 പേരാണ് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടത്. പിന്നാലെ ആശയവിനിമയ ഉപകരണങ്ങള്‍ ഉപേക്ഷിക്കാൻ ഹിസ്‌ബുള്ളയും ആഹ്വാനം ചെയ്തിരുന്നു.