വാഷിംഗ്ട്ൺ : അമേരിക്കൻ മുൻ പ്രസിഡന്റും പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെതിരെ നടന്ന വധശ്രമത്തില്‍ ഇറാനു പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കരുതുന്നു. എന്നാൽ ശനിയാഴ്ച നടന്ന പരിപാടിക്കിടെ ഉണ്ടായ വധശ്രമത്തിൽ ഇറാന് പങ്കുണ്ടോ എന്നതിന് തെളിവില്ല.
ഇറാന്റെ ഭീഷണികൾ സംബന്ധിച്ച് സർക്കാരിന് രഹസ്യവിവരങ്ങൾ ലഭിച്ചിരുന്നു. 2020-ൽ ഇറാൻ്റെ ഉന്നത സൈനിക ജനറൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് ഇറാൻ ട്രംപിനെ ലക്ഷ്യമിടുന്നത്. വരും ആഴ്ചകളിൽ കൂടുതൽ വധശ്രമങ്ങൾ ഉണ്ടായേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം അനുമാനിക്കുന്നത്. ഇതിനിടെ, ഇറാൻ, തങ്ങൾക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചു.
നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പ് ട്രംപിനെ വധിക്കാനുള്ള പദ്ധതിയിൽ ഇറാന് പങ്കുണ്ടെന്നാണ് പുതിയ വാദം. രഹസ്യാന്വേഷണ വിഭാഗവുമായി സഹകരിക്കുന്ന രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഇതു സംബന്ധിച്ച റിപോർട്ടുകൾ.
ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്താണ് ഇറാനുമായുള്ള നയതന്ത്ര ബന്ധം വഷളാകുന്നത്. ബറാക്ക് ഒബാമ ഭരണകൂടവുമായി ഇറാൻ ഒപ്പിട്ട ആണവകരാറിൽനിന്ന് ഏകപക്ഷീമായി പിന്മാറിയതും ഈ കാലത്തായിരുന്നു.
പെൻസിൽവാനിയയിൽ നടന്ന റാലിയിൽ ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്ക്സ് മുൻ പ്രസിഡൻ്റിനെ കൊല്ലാൻ ശ്രമിക്കുന്നതിന് മുൻപ്, ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തിയതിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതായി സിഎൻഎൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ദേശീയ രഹസ്യാന്വേഷണ വിഭാഗമോ ട്രംപിന്റെ പ്രചാരണ വിഭാഗമോ ഈ വാർത്തയോട് പ്രതികരിച്ചതുമില്ല.
തോമസ് മാത്യു ക്രൂക്‌സിന് ഇറാനിയൻ ഗൂഢാലോചനയുമായി ബന്ധമുണ്ടെന്ന് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.