ടെൽ അവീവ് : നൂറിലധികം ബാലിസ്റ്റിക്ക് മിസൈലുകള്‍ ഉള്‍പ്പെട്ട ഇറാന്റെ വ്യോമാക്രമണത്തിന് തിരിച്ചടി നൽകില്ലെന്ന് ഇസ്രായേൽ സർക്കാർ വ്യക്തമാക്കുന്നു.
പ്രത്യാക്രമണം നടത്തുന്നത് ഇപ്പോള്‍ വിവേക പൂർണമായ തീരുമാനമല്ലെന്നുമാണ് അമേരിക്കയുടെ നിലപാട്.
ജാഗ്രതയോടെ തുടരാനും ആക്രമണത്തിനും പ്രതിരോധത്തിനും തയ്യാറായിരിക്കാനും സൈന്യത്തിന് ഇസ്രായേൽ നിർദേശം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയിട്ടില്ല.
ആക്രമണത്തിനും പ്രതിരോധത്തിനുമുള്ള എല്ലാ പദ്ധതികളും തയ്യാറാക്കിയതായി ഇസ്രായേൽ മുഖ്യ സൈനിക വക്താവ് ഡാനിയേല്‍ ഹാഗരി വ്യക്തമാക്കി. രാജ്യത്തിന്റെ വ്യോമസേനയ്ക്കൊപ്പം സഖ്യകക്ഷികളും ചേർന്ന് ഇറാന്റെ ആക്രമണത്തെ തടഞ്ഞത് പുതിയ തന്ത്രപരമായ സഖ്യം രൂപപ്പെടുന്നതിന് കാരണമാകുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.
ഇറാന്റെ വ്യോമാക്രമണം തങ്ങളുടെ ഇടപെടലുകൊണ്ട് നിർവീര്യമാക്കിയതിനാല്‍ യുദ്ധം ഒഴിവാക്കാന്‍ സാധിച്ചെന്ന് അമേരിക്ക അവകാശപ്പെട്ടു. സഖ്യകക്ഷികളുടെ സഹായത്തോടെ ഇറാന്റെ ആക്രമണം തടയാനായത് തന്നെ ഒരു വിജയമാണെന്ന് നെതന്യാഹു മന്ത്രിസഭയെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളും അമേരിക്ക നടത്തി.