ന്യൂഡല്‍ഹി: രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണവും ഇന്‍ര്‍നെറ്റ് ഡേറ്റ ഉപയോഗവും സര്‍വകാല റെക്കോര്‍ഡിലേക്ക്.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇത് പരാര്‍ശിച്ചിരിക്കുന്നത്. .
2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം 88.1 കോടി ആയിരുന്നു ശരാശരി ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണമെങ്കില്‍ അത് 2024 മാര്‍ച്ച് ആയപ്പോഴേക്കും 95.4 കോടിയായി ഉയര്‍ന്നു. 7.3 കോടി വരിക്കാരുടെ വര്‍ധനവാണ് ഈ മേഖല കൈവരിച്ചിരിക്കുന്നത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.30 ശതമാനം ഉയര്‍ന്നിട്ടുണ്ട്. വിലക്കുറവില്‍ സ്മാര്‍ട്‌ഫോണുകളുടെ ലഭ്യത, ഒപ്പം ഇന്റര്‍നെറ്റ് സേവനങ്ങളുടെ ചുരുങ്ങിയ ചെലവ് എന്നിവയാണ് കണക്ക് വര്‍ധനവിന് കാരണം.
ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ എണ്ണത്തില്‍ 9.15 ശതമാനത്തിന്റെ വര്‍ധനവുണ്ടെന്നും ട്രായ് പറയുന്നു. 2023 ല്‍ 84.6 കോടിയായിരുന്നത് 2024 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 92.4 കോടിയായി വര്‍ധിച്ചു.
വയര്‍ലെസ് ഡാറ്റ വരിക്കാരുടെ എണ്ണം 2023 മാര്‍ച്ച് അവസാനം 84.6 കോടിയില്‍ നിന്ന് 2024 മാര്‍ച്ച് അവസാനത്തോടെ 91.3 കോടിയായി വര്‍ധിച്ചു. മൊത്തം ഡാറ്റ ഉപയോഗം 21.69 ശതമാനമാണ് കൂടിയത്. വരിക്കാരുടെ എണ്ണം 2023 മാര്‍ച്ച് അവസാനത്തോടെ 117.2 കോടിയില്‍ നിന്ന് 2024 മാര്‍ച്ച് അവസാനത്തോടെ 119.9 കോടിയായി വര്‍ധിച്ചിരുന്നു.
ഓരോ വരിക്കാരന്റെയും പ്രതിമാസ ശരാശരി 16 മണിക്കൂറായും ഉയര്‍ന്നിട്ടുണ്ട്. ഈ കണ്ടെത്തലുകള്‍ ഇന്ത്യന്‍ ടെലികോം മേഖലയുടെ മികവാണ് കാണിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.