ജപ്പാനിൽ മരണം വിതയ്ക്കുന്ന ബാക്ടീരിയ വ്യാപിക്കുന്നു

ടോക്കിയോ : കോവിഡ് ബാധയൊന്നു അടങ്ങിയപ്പോൾ, വ്യാപകമായി പടരുന്ന മാരകമായ ഒരു തരം ബാക്ടീരിയ ജപ്പാനിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. മുറിവുകളിലൂടെ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്ന ബാക്ടീരിയ ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ച് മരണത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

കോവിഡ് പ്രതിരോധ മുൻകരുതലുകൾ തന്നെ ഈ രോഗത്തിനും കൈക്കൊള്ളണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.രോഗം പടരാനുളള കാരണവും അതിൻ്റെ തീവ്രതയും ഇപ്പോഴും വ്യക്തമല്ല.ശരീരത്തിൽ പ്രവേശിച്ചാൽ നാൽപത്തെട്ടു മണിക്കൂറിനുള്ളിൽ ഇത് മാരകമാവും. ജീവഹാനി സംഭവിക്കാനും സാധ്യതയുണ്ട്.

സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക് സിൻഡ്രോം (എസ്ടിഎസ്എസ്) എന്നതാണ് ഈ രോഗത്തിൻ്റെ പേര്. ജപ്പാനിൽ കഴിഞ്ഞ വർഷം ആകെ 941 പേരെയാണ് ഇത് ബാധിച്ചത്. ഈ വർഷം ജൂൺ രണ്ടിനകം 977 കേസുകൾ വന്നുവെന്ന് ജപ്പാനിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്‌ഷ്യസ് ഡിസീസ് പറയുന്നു.

ഈ വർഷം 2500 കേസുകളെങ്കിലും ഉണ്ടാവും എന്നാണ് വിലയിരുത്തൽ.30 ശതമാനം മരണനിരക്കാണ്
കണക്കാക്കുന്നത്. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ സാധാരണയായി കുട്ടികളിൽ തൊണ്ടയിടർച്ചയ്ക്കും വീക്കത്തിനും കാരണമാകാറുണ്ട്. അതേസമയം ചിലരിൽ ഇത് സന്ധിവേദന, സന്ധിവീക്കം, പനി, കുറഞ്ഞ രക്തസമ്മർദം തുടങ്ങിയവയ്ക്കു കാരണമാകാം.

അൻപതു വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ഇത് ആന്തരികാവയവങ്ങളെ ബാധിക്കും. മരണത്തിന് ഇടയാക്കുകയും ചെയ്യാം. 2022 ൽ അഞ്ച് യൂറോപ്യൻ രാജ്യങ്ങളിൽ ഈ രോഗം കണ്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

പനി, പേശി വലിവ്, ശരീര വേദന, ഛർദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങൾ.വ്യക്തിശുചിത്വം പാലിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടൗവൽ കൊണ്ട് മുഖം പൊത്തിപിടിക്കുക,കൃത്യമായ ഇടവേളകളിൽ സോപ്പു ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈ കഴുകുക,പനിയും സമാനമായ രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഡോക്ടറുടെ നിർദേശപ്രകാരം ബാൻ‍ഡേജ് ഉപയോഗിച്ച് മുറിവുകൾ കെട്ടിവയ്ക്കുക, രോഗികൾ ഉപയോഗിച്ച പാത്രങ്ങളോ മറ്റു വസ്തുക്കളോ തൊടാതിരിക്കുക എന്നിവയാണ് മുൻകരുതലുകൾ.