ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരതയുടെ പേരിൽ ഇന്ത്യ- പാകിസ്ഥാൻ നയതന്ത്ര ബന്ധത്തിൽ വിള്ളൽ നിലനിൽക്കെ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാകിസ്ഥാനിലെത്തുന്നു..
ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) രാഷ്ട്രത്തലവൻമാരുടെ കൗൺസിൽ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് സന്ദർശനം. 2015ൽ സുഷമ സ്വരാജാണ് ഒടുവിൽ പാകിസ്ഥാൻ സന്ദർശിച്ച വിദേശകാര്യ മന്ത്രി.
ഇസ്ലാമബാദിൽ 15, 16 തീയതികളിലാണ് ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉച്ചകോടിയിലേക്ക് പാകിസ്ഥാൻ ക്ഷണിച്ചിരുന്നു.
2019 ഫെബ്രുവരിയിൽ പുൽവാമയിലെ പാക് ഭീകരാക്രമണത്തിനും അതിന് തിരിച്ചടിയായി ബാലാക്കോട്ടിലെ ജെയ്ഷെ ഭീകര പരിശീലന ക്യാമ്പിൽ ഇന്ത്യയുടെ വ്യോമാക്രമണത്തിനും ശേഷം നയതന്ത്ര ബന്ധം ഉലഞ്ഞിരുന്നു.
ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയ 370-ാം വകുപ്പ് റദ്ദാക്കിയതിനെ പാകിസ്ഥാൻ അന്താരാഷ്ട്ര വേദികളിൽ അടക്കം എതിർത്തതും ബന്ധം വഷളാക്കി.
ഇന്ത്യ, ചൈന, റഷ്യ, പാകിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവയാണ് എസ്.സി.ഒ അംഗരാജ്യങ്ങൾ. 2001ൽ ഷാങ്ഹായിൽ സ്ഥാപിക്കപ്പെട്ട എസ്.സി.ഒയിൽ 2017ലാണ് ഇന്ത്യയും പാകിസ്ഥാനും അംഗമാകുന്നത്.