ശ്രീനഗര്‍: ഹിസ്ബുല്ല മേധാവി ഹസന്‍ നസ്റല്ല കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റുമായ മെഹബൂബ മുഫ്തിയും മുതിര്‍ന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ആഗ സയ്യിദ് റുഹുല്ല മെഹ്ദിയും നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവെച്ചു.
ലെബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് നസ്റല്ല കൊല്ലപ്പെട്ടത്. നസ്റല്ലയുടെ മരണം ഹിസ്ബുള്ള സ്ഥിരീകരിച്ചതോടെ ശ്രീനഗറിന്റെയും ബുദ്ഗാം ജില്ലയുടെയും വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി.
ഇസ്രായേല്‍ – അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധക്കാര്‍ നസ്‌റല്ലയുടെ ചിത്രങ്ങളും പിടിച്ചായിരുന്നു പ്രകടനങ്ങൾ. മൂന്ന് പതിറ്റാണ്ടിലേറെക്കാലം ഹിസ്ബുള്ളയെ നയിച്ച നസ്റല്ലയെ കശ്മീരിലെ ഷിയാ സമൂഹം പ്രതിരോധത്തിന്റെ പ്രതീകമായാണ് കാണുന്നത്.
ലെബനനിലെയും ഗാസയിലെയും രക്തസാക്ഷികളോട്, പ്രത്യേകിച്ച് ഹസൻ നസ്‌റല്ലയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തൻ്റെ പ്രചരണം റദ്ദാക്കുകയാണെന്ന് മുഫ്തി പറഞ്ഞു. പലസ്തീനിലെയും ലെബനനിലെയും ജനങ്ങൾക്കൊപ്പമാണ് തൻ്റെ പാർട്ടി നിലകൊള്ളുന്നതെന്നും മെഹബൂബ മുഫ്തി കൂട്ടിച്ചേർത്തു.