നടപടി ഇല്ലെങ്കിൽ പാഴ്‌വേല എന്ന് ഹൈക്കോടതി

justice hema committee report

കൊച്ചി: മലയാള ചലച്ചിത്രരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് ഹൈക്കോടതിയുടെ ഇടപെടൽ. റിപ്പോർട്ടിൻ്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിർദേശിച്ചു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവർത്തകൻ പായിച്ചറ നവാസ് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. വനിതാ കമ്മിഷനെയും കോടതി കക്ഷി ചേർത്തു.

ബലാത്സംഗം, ലൈംഗിക താൽപര്യങ്ങൾക്കു വഴങ്ങാത്തതിനു വിവേചനം തുടങ്ങിയവ ഉൾപ്പെടെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങളും കുറ്റങ്ങളും കമ്മിറ്റി റിപ്പോർട്ടിലുണ്ടെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മൊഴികൾ നൽകിയവർക്കു മുന്നോട്ടുവരാൻ പറ്റാത്ത സാഹചര്യമാണ്.

കമ്മിറ്റിയോടു പേര് പറയാൻ സർക്കാരിന് ആവശ്യപ്പെടാനാവില്ല എന്ന് കോടതി പറഞ്ഞു. സർക്കാരിന്റെ ധർമസങ്കടം മനസ്സിലാകും.എന്നാൽ കുറ്റകൃത്യങ്ങൾക്കെതിരെ നടപടിയുണ്ടാകണമെന്നു കോടതി നിർദേശിച്ചു

കേസ് എടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും ആക്ടിങ്് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.സെപ്റ്റംബര്‍ 10-ന് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം.

മൊഴി നല്‍കിയവരുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ട് ഗുരുതര കുറ്റങ്ങളിൽ എന്തു നടപടി എടുക്കാൻ സാധിക്കുമെന്ന് അറിയിക്കാനും സർക്കാരിന് നിർദേശിച്ചു. നടപടിയെടുത്തില്ലെങ്കിൽ കമ്മിറ്റി രൂപീകരിച്ചത് ഉൾപ്പെടെയുള്ളവ പാഴ്‌വേലയാകുമെന്നു കോടതി അഭിപ്രായപ്പെട്ടു.

വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട പ്രസക്തഭാഗങ്ങള്‍ ഒഴിവാക്കിയാണ് സര്‍ക്കാര്‍ നിലവില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.റിപ്പോര്‍ട്ടിലെ ലൈംഗിക പീഡന പരാതികള്‍ പഠിക്കാന്‍ അന്വേഷണ സമിതിയെ നിയമിക്കാനാകുമോ എന്നും കോടതി ചോദിച്ചു.

അതേസമയം, കമ്മിഷനു മുമ്പാകെ മൊഴി നല്‍കിയവര്‍ പരാതി നല്‍കാത്തതാണ് കേസെടുക്കാത്തതിന് കാരണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു. ഇരകള്‍ക്ക് പൊതുസമൂഹത്തിനു മുന്നില്‍ വരാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും രഹസ്യാത്മകത ഉറപ്പുനല്‍കിയാണ് കമ്മിഷന്‍ മൊഴിയെടുത്തിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം,ഹേമ കമ്മിറ്റി ജുഡീഷ്യൽ കമ്മിഷനല്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ ആരെങ്കിലും പരാതിയുമായി മുന്നോട്ടു വന്നാൽ നിയമനടപടി എടുക്കാനാവുമെന്നും സർക്കാർ വ്യക്തമാക്കി.