ഹാഥ്റസ് ദുരന്തം: ആൾ ദൈവത്തിന് രാഷ്ടീയ പിന്തുണ

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹാഥ്‌റസില്‍ നടത്തിയ സത്സംഗത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് നൂറിലേറെ പേർ മരിച്ച സംഭവം ആസൂത്രിതമെന്ന ആരോപണവുമായി ‘ആള്‍ദൈവം’ ഭോലെ  ബാബയുടെ അഭിഭാഷകൻ. 121 പേരാണ് ഈ ദുരന്തത്തിൽ മരണമടഞ്ഞത്. 80,000 ആളുകളെ ഉൾക്കൊള്ളാൻ പറ്റുന്ന സ്ഥലത്ത് 2.5 ലക്ഷത്തോളം പേരാണ് ഒത്തുകൂടിയതെന്നാണ് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിലെ വിവരം.

ഇതിനിടെ,ഭോലെ ബാബയ്ക്കെതിരെ നടപടി സ്വീകരിക്കാൻ തയാറെടുക്കുകയാണ് പൊലീസ്. ഭോലെ ബാബയുടെ സംഘടനയ്ക്ക് നിരവധി രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ധനസഹായം ലഭിച്ചതായി അവർ കണ്ടെത്തി. സംഭവത്തിന്‌ പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്നും പരിശോധിച്ചു വരികയാണ്.കേസിൽ അറസ്റ്റിലായ സത്സംഗ് സംഘാടകൻ ദേവ് പ്രകാശ് മധുക്കറിന്റെ സാമ്പത്തിക, കോൾ റെക്കോർഡുകൾ എന്നിവ സംബന്ധിച്ച് പരിശോധന തുടരുന്നു.

15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും,  ഇത് ദുരന്തത്തിലേക്ക്‌ നയിച്ചെന്നുമാണ് ഭോലെ ബാബയുടെ അഭിഭാഷകൻ എ.പി. സിങ്ങിൻ്റെ ആരോപണം. തിക്കും തിരക്കും ഉണ്ടായതിന് പിന്നാലെ ഇവർ സ്ഥലം വിട്ടുവെന്നും അദ്ദേഹം വാദിക്കുന്നു.

സൽസംഗത്തിന് നേരത്തെ തന്നെ അനുവാദം വാങ്ങിയതാണ്. പ്രദേശത്തിന്റെ മാപ്പും അനുമതിക്കൊപ്പം നൽകിയതാണെന്നും അഭിഭാഷകൻ പറഞ്ഞു. പരിപാടി നടക്കുന്ന സ്ഥലത്ത് സംശയാസ്പദകരമായ രീതിയിൽ ചില വാഹനങ്ങൾ കണ്ടുവെന്ന് പറഞ്ഞ അഭിഭാഷകൻ, ചിലർ വിഷം സ്പ്രേ ചെയ്യുന്നത് കണ്ടുവെന്ന് ദൃക്സാക്ഷികൾ അറിയിച്ചതായും അവകാശപ്പെടുന്നു.

അതേസമയം, ഭോലേ ബാബ ഇപ്പോഴും ഒളിവിലാണ്.അപകടത്തിന് പിന്നില്‍ സാമൂഹ്യവിരുദ്ധരെന്നും താൻ വേദി വിട്ടതിനുശേഷം ആണ് അപകടം ഉണ്ടായതെന്നാണ് ബാബയുടെ വിശദീകരണം.

ജുഡീഷ്യല്‍ കമ്മീഷൻ ഇന്നലെ അപകട സ്ഥലം സന്ദർശിച്ചു പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.രണ്ട് മാസത്തിനുള്ളില്‍ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും.

ദുരിതബാധിതർക്ക് ധനസഹായം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിട്ടുണ്ട്. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്നാണ് സമാജ് വാദിയും കോണ്‍ഗ്രസും ആരോപിക്കുന്നത്.

ദുരന്തത്തിന് പിന്നാലെ വ്യാജസന്യാസിമാർക്കെതിരെ അഖില ഭാരതീയ അഖാഡ പരിഷത്ത് രംഗത്തെത്തി. വ്യാജന്മാരെ നിയന്ത്രിക്കുന്നതിനായി ഈ മാസം പതിനെട്ടിന് ചേരുന്ന അഖാഡ പരിഷത്ത് യോഗത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കും. കേന്ദ്രസർക്കാരും ഈ വിഷയത്തിൽ ഇടപെടണമെന്നാണ് അഖാഡ പരിഷത്തിന്റെ ആവശ്യം.