ടെൽ അവീവ് : ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കേസ്രിയയിലെ തീരപ്രദേശത്തുള്ള സ്വകാര്യ വസതിയ്ക്ക് നേരെ ലെബനനില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണം. ആക്രമണത്തിന് പിന്നില്‍ ഹിസ്ബുള്ളയാണെന്നാണ് പ്രാഥമിക നിഗമനം.
ആക്രമണം സ്ഥിരീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിറക്കിയിട്ടുണ്ട്.സംഭവസമയത്ത് നെതന്യാഹുവും ഭാര്യയും സ്ഥലത്തുണ്ടായിരുന്നില്ലെന്നും ഓഫിസ് അവകാശപ്പെട്ടു.
വീടിൻ്റെ ഒരു ഭാഗം തകര്‍ന്നുവെങ്കിലും ആര്‍ക്കെങ്കിലും അപായം സംഭവിച്ചോ എന്ന് അറിവായിട്ടില്ല.
ഹമാസ് തലവൻ യഹ്‌യ സിൻവാറിന്റെ മരണത്തിനു പിന്നാലെയാണ് ഈ ആക്രമണം. തെല്‍അവീവിനും ഹൈഫയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന തീരനഗരമായ സീസറിയയിലാണ് ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണം നടന്നതെന്ന് ഇസ്രായേല്‍ മാധ്യമമായ ‘ജറൂസലം പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. ആക്രമണത്തില്‍ സീസറിയ നഗരം വിറച്ചതായി ‘ടൈംസ് ഓഫ് ഇസ്രായേലും’ അറിയിച്ചു.
രാവിലെയാണ് ഹിസ്ബുല്ലയുടെ അസാധാരണ നീക്കം. ലെബനാനില്‍നിന്നെത്തിയ ഡ്രോണുകളാണ് സീസറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതി ലക്ഷ്യമിട്ട് എത്തിയത്. ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വസതിക്കു മേലും ബോംബ് പതിച്ചതായി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ലെബനാനില്‍നിന്ന് മൂന്ന് മിസൈലുകള്‍ സീസറിയ ലക്ഷ്യമിട്ട് എത്തിയതായി ഇസ്രായേല്‍ ഡിഫൻസ് ഫോഴ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് ഒരു കെട്ടിടത്തില്‍ പതിച്ചതായി സൈന്യം പറയുന്നു. ബാക്കി രണ്ടെണ്ണം തകർത്തതായും അവകാശപ്പെടുന്നുണ്ട്. ഡ്രോണ്‍ ആക്രമണത്തില്‍ സീസറിയയില്‍ വൻ സ്‌ഫോടനമുണ്ടായതായും ഐഡിഎഫ് സ്ഥിരീകരിച്ചു.
ആക്രമണഭീഷണിയുടെ പശ്ചാത്തലത്തില്‍ തെല്‍അവീവിന്റെ വിവിധ ഭാഗങ്ങളിലും അപായ സൈറണുകള്‍ മുഴങ്ങിയതായി ഐഡിഎഫ് പറയുന്നു. വടക്കൻ തെല്‍അവീവിലെ ഗ്ലിലോട്ടില്‍ ഡ്രോണ്‍ ആക്രമണസാധ്യത നിലനില്‍ക്കുന്നുണ്ട്. ഇതുവരെ ഇവിടെ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൈന്യം അറിയിച്ചു. മൊസാദ് ആസ്ഥാനവും ഐഡിഎഫ് ഇന്റലിജൻസ് താവളവും സ്ഥിതി ചെയ്യുന്നത് ഗ്ലിലോട്ടിലാണ്.
ഇതേസമയത്ത് തന്നെ വടക്കൻ ഇസ്രായേല്‍ നഗരങ്ങളിലും പതിവുപോലെ ഹിസ്ബുല്ല വ്യോമാക്രമണം തുടരുന്നുണ്ട്. തിബെര്യാസ്, ഹൈഫ, ഗലീലി തീരനഗരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം അപായസൈറണുകള്‍ മുഴങ്ങിയിരുന്നു.
ഒരു വര്‍ഷം പിന്നിട്ട ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമാണ് ഇതെന്ന് ലോകനേതാക്കള്‍ അഭിപ്രായപ്പെട്ടു. ബന്ദികളെ വിട്ടയച്ച് യുദ്ധവിരാമത്തിനുള്ള വഴിയൊരുക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും ഹമാസിനോടാവശ്യപ്പെട്ടു.
അതേസമയം, യുദ്ധം അവസാനിപ്പിച്ചാല്‍ നെതന്യാഹു സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് സിന്‍വാര്‍ വധത്തിനുശേഷവും തീവ്രവലതു പാര്‍ട്ടികളുടെ മന്ത്രിമാരായ ഇതാമര്‍ ബെന്‍ഗ്വിറും ബെസലേല്‍ സ്മോട്രിച്ചും ആവര്‍ത്തിച്ചു. 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രയേല്‍ ആക്രമിച്ച് 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. അതില്‍ 23 വിദേശപൗരരടക്കം 101 പേരെയാണ് ഇനി മോചിപ്പിക്കാനുള്ളത്.