ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രായേൽ

In Main Story
October 07, 2023

ഗാസ: ഹമാസിന്റെ റോക്കറ്റാക്രമണത്തിന് ശക്തമായ കനത്ത തിരിച്ചടിയുമായി ഇസ്രായേൽ. ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഇതുവരെ ഇരുന്നൂറിലധികം പാലസ്തീൻകാർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1600ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രത്യാക്രമണത്തിൽ ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തതായും ഇസ്രായേൽ അവകാശപ്പെട്ടു.

ഇന്നു രാവിലെ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ 40 ഇസ്രായേലികൾ കൊല്ലപ്പെട്ടിരുന്നു. 545 പേർക്ക് പരിക്കേറ്റു. തെക്കൻ ഇസ്രായേലിലെ വിവിധ നഗരങ്ങളിലേക്കും ഗാസയിലെ സൈനിക താവളത്തിലേക്കും ആയുധധാരികൾ ഇരച്ചുകയറുകയായിരുന്നു. 20 മിനിട്ടിനിടെ ഇസ്രായേലിനെതിരെ 5000ൽ അധികം റോക്കറ്റുകൾ അയച്ചതായി ഹമാസ് അവകാശപ്പെട്ടിരുന്നു. സമീപകാലത്ത് ഇസ്രായേലിനെതിരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇസ്രായേലിലെ ഓഫാകിം നഗരത്തിൽ ഇസ്രായേലികളെ പാലസ്തീൻകാർ ബന്ദികളാക്കിയതായും റിപ്പോർട്ടുണ്ട്. ഇവരിൽ പലരെയും ഹമാസ് ഗാസയിലേക്ക് കടത്തിക്കൊണ്ടു പോയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം പലയിടങ്ങളിലും ഇസ്രായേൽ സൈന്യവും ഹമാസും ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. ഹമാസിന്റെ പോരാളികൾ ഇസ്രായേൽ സൈനികരെയും സാധാരണക്കാരെയും പിടിച്ചെടുത്ത സൈനിക വാഹനങ്ങളിലും ബൈക്കുകളിലും കയറ്റി കൊണ്ടു പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ആക്രമണം രൂക്ഷമായതോടെ ഇസ്രായേലിലേക്കുള്ള വിമാനസർവീസ് എയർ ഇന്ത്യ റദ്ദാക്കി. ന്യൂഡൽഹിയിൽ നിന്ന് ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. സുരക്ഷ പരിഗണിച്ചാണ് തീരുമാനം.

അതിനിടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നു. ഇന്ത്യക്ക് പുറമേ യൂറോപ്യൻ കമ്മിഷൻ,​ അമേരിക്ക,​ ഫ്രാൻസ്,​ ജർമ്മനി,​ ബ്രിട്ടൻ,​ സ്പെയിൻ,​ ബെൽജിയം,​ ഗ്രീസ് ,​ ഇറ്റലി,​ പോളണ്ട്,​ ചെക്ക് റിപ്പബ്ലിക്,​ യുക്രെയിൻ തുടങ്ങിയ രാജ്യങ്ങൾ ആക്രമണത്തിനെതിരെ രംഗത്തെത്തി. അതേസമയം ഹമാസിന് ഇറാനും ഖത്തറും പിന്തുണ പ്രഖ്യാപിച്ചു. പാലസ്തീൻ പോരാളികളെ അഭിനന്ദിക്കുന്നതായി ഇറാൻ വ്യക്തമാക്കി. ഇസ്രായേലിനെതിരായ സൈനിക നീക്കത്തിൽ നിന്ന് പിൻവാങ്ങണമെന്ന് അഭ്യർത്ഥിച്ച് സൗദി അറേബ്യയും രംഗത്തെത്തിയിരുന്നു. ഇരുരാജ്യങ്ങളും അക്രമത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് റഷ്യ,​ തുർക്കി,​ ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടു.