ടെഹ്റാൻ: ഇസ്രായേലുമായി യുദ്ധം ചെയ്യുന്ന ഹമാസ് എന്ന ഇസ്ലാമിക സേനയുടെ തലവൻ ഇസ്മായില്‍ ഹനിയ്യ ഇറാനിൽ കൊല്ലപ്പെട്ടു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ തെഹ്റാനിലെത്തിയതായിരുന്നു ഇസ്മായില്‍ ഹനിയ്യ.
മരണം ഹമാസ് സ്ഥിരീകരിച്ചു.മുതിർന്ന ഹമാസ് നേതാവ് കൊല്ലപ്പെട്ടുവെന്ന് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡും അറിയിച്ചു. കൊലപാതകത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ഹമാസ് ആരോപിച്ചു. എന്നൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.
ഹനിയയുടെ ഒരു അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്. ടെഹ്റാനിലെ താമസ സ്ഥലത്തിന് നേരെ ആക്രമണം നടന്നു എന്നാണ് റിപ്പോർട്ട്.
ഹമാസ് ഒക്ടോബർ 7 ന് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തിനുശേഷം ഹനിയയെ വധിക്കുമെന്നും ഹമാസിനെ തുടച്ചുനീക്കുമെന്നും ഇസ്രയേൽ പ്രതിജ്ഞയെടുത്തതായി വാർത്തകൾ ഉണ്ടായിരുന്നു.
ഏതുരാജ്യത്ത് കടന്നുകയറിയും തങ്ങളുടെ ശത്രുക്കളെ വകവരുത്താൻ ഇസ്രയേൽ ചാര സംഘടനകൾക്ക് അസാമാന്യമായ കഴിവാണുള്ളത് എന്ന് പറയുന്നു. ഇത്രയേറെ കേൾവികേട്ട ചാര സംഘടനകൾ ഉണ്ടായിട്ടും ഹമാസിന്റെ അതിർത്തി കടന്നുള്ള വരവ് ഇസ്രയേൽ അറിഞ്ഞില്ല.
അമാൻ, മൊസാദ്, ഷിൻ ബെറ്റ് എന്നീ മൂന്ന് ചാര ഏജൻസികളാണ് ഇസ്രയേലിനുള്ളത്. മിലിട്ടറി ഇന്റലിജൻസ് ഏജൻസിയാണ് അമാൻ. രാജ്യത്തിന്റെ ഉറങ്ങാത്ത ചാരക്കണ്ണുകളെന്നാണ് മൊസാദിനെ വിശേഷിപ്പിക്കുന്നത്. ആഭ്യന്തര സുരക്ഷ, പ്രധാനമന്ത്രിയുടെ സുരക്ഷ എന്നിവ കൈകാര്യം ചെയ്യുന്ന ഏജൻസിയാണ് ഷിൻ ബെറ്റ്.