ന്യൂഡൽഹി: ഏകാദശി നാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തുന്ന ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജിയിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതിക്ക് സുപ്രീം കോടതി നോട്ടീസ് നൽകി.
ഉദയാസ്തമയ പൂജ തുലാം മാസത്തിലെ ഏകാദശി ദിനത്തില്‍ നടത്താന്‍ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചത് ചോദ്യം ചെയ്തായിരുന്നു ഹർജി. ദേവസ്വം വെബ്‌സൈറ്റിലെ പൂജയുടെ പട്ടിക അത് പോലെ നിലനിറുത്തണമെന്നും ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
വൃശ്ചിക മാസത്തിലെ ഏകാദശി നാളിലെ ഉദയാസ്തമയ പൂജ തുലാം മാസത്തിലെ ഏകാദശി നാളിൽ നടത്താനുള്ള ഗുരുവായൂർ ദേവസ്വം തീരുമാനമാണ് കോടതിയിലെത്തിയത്. പൂജ മാറ്റുന്നത് ആചാരത്തിന്‍റെയും ദേവഹിതത്തിന്‍റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തന്ത്രി കുടുംബമായ ചേന്നാസ് ഇല്ലമാണ് ഹര്‍ജി നല്‍കിയത്.
വന്‍തിരക്കുണ്ടാകുന്ന ഏകാദശി ദിവസം ഉദയാസ്തമയ പൂജ നടന്നാൽ ഭക്തർക്ക് അസൗകര്യമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൂജ മാറ്റാന്‍ ഭരണസമിതി തീരുമാനിച്ചത്.പൂജ ആചാരമല്ല വഴിപാടാണെന്നാണ് ഭരണസമിതിയുടെ വാദം. എന്നാൽ ഉദയാസ്തമയ പൂജ മാറ്റുന്നത് ക്ഷേത്രത്തിന്റെ ചൈതന്യത്തെ ബാധിക്കുമെന്നും ഇത് ആചാരണലംഘനമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.പൂജ മാറ്റണമെങ്കിൽ അഷ്ടമംഗല്യ പ്രശ്‌നം വയ്ക്കണമെന്നാണ് ഹർജിക്കാർ ആവശ്യപെടുന്നത്.