ന്യൂഡൽഹി: ഗുജറാത്തിൽ 2002ൽ നടന്ന കലാപത്തിൽ ബിൽക്കിസ് ബാനോവിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും അവരുടെ കുടുംബത്തെ കൂട്ടക്കുരുതി നടത്തുകയും ചെയ്തവരെ മോചിപ്പിച്ച കേസിൽ ഗുരുതര ചോദ്യങ്ങളുമായി സുപ്രിംകോടതി.
കേസിലെ പ്രതികളെ എന്ത് അടിസ്ഥാനത്തിലാണ് മോചിപ്പിച്ചതെന്ന് കോടതി ചോദിച്ചു. പ്രതികളെ വെറുതെ വിടണമെന്ന് ആവശ്യപ്പെടുന്ന ഒരുകൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് സുപ്രധാന ചോദ്യങ്ങൾ ഉന്നയിച്ചത്.
‘‘പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് 14 വർഷം തടവുശിക്ഷ അനുഭവിച്ച ഇവരെ മോചിപ്പിക്കാൻ സാധിക്കുന്നത്? എന്തുകൊണ്ടാണ് മറ്റു തടവുകാർക്കു മോചന ഇളവ് അനുവദിക്കാത്തത്? എന്തുകൊണ്ടാണ് ഈ കേസിലെ കുറ്റവാളികൾക്കു മാത്രം ഇളവ് അനുവദിക്കണമെന്ന ആവശ്യം ഉയരുന്നത്?’’– സുപ്രീം കോടതി ചോദിച്ചു.
‘‘14 വർഷത്തിനു ശേഷം കുറ്റവാളികളെ വിട്ടയയ്ക്കുന്നതിലൂടെ കുറ്റവാളികൾക്കു സ്വയം മാറാനുള്ള അവസരം നൽകുന്നുണ്ട്. മറ്റു തടവുകാർക്ക് ഇത് എത്രത്തോളം ബാധകമാണ്? തിരഞ്ഞെടുത്ത കുറ്റവാളികൾക്കു മാത്രമായി ഈ നിയമത്തിന്റെ ആനുകൂല്യം എന്തുകൊണ്ടാണ് ലഭിക്കുന്നത്?
എന്ത് അടിസ്ഥാനത്തിലാണ് ബിൽക്കിസ് ബാനോ കേസിലെ പ്രതികള്‍ക്കായി ജയിൽ ഉപദേശക സമിതി രൂപികരിക്കാൻ ഉത്തരവിട്ടതെന്ന് സുപ്രീം കോടതി ചോദിച്ചു.